പ്രതിപക്ഷത്തിന്റെ പ്രമേയം : തിരിച്ചു വിളിക്കാനുള്ള ആവശ്യത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ഗവര്‍ണര്‍

തിരുവനന്തപുരം: നിയമസഭയുടെ അന്തസിനെ പോലും ചോദ്യം ചെയ്യുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷത്തിന്റെ പ്രമേയം. പ്രമേയം നിയമസഭയില്‍ അവതരിപ്പിക്കാന്‍ അനുമതി തേടിയിരിക്കുകയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൂടാതെ ഇക്കാര്യം ആവശ്യപ്പെട്ട് സ്പീക്കര്‍ ശ്രീരാമകൃഷ്ണന് നോട്ടീസ് നല്‍കുകയും ചെയ്തു.

അതേസമയം തിരിച്ചു വിളിക്കാനുള്ള ആവശ്യത്തെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രതികരിച്ച അദേഹം തന്നെപ്പറ്റി പരാതിയുള്ളവര്‍ രാഷ്ട്രപതിയെ സമീപിക്കട്ടെയെന്ന് മറുപടിയുമായി ഗവര്‍ണര്‍ രംഗത്ത് എത്തി. ഭരണഘടന അനുസരിച്ചാണ് താന്‍ പ്രവര്‍ത്തിക്കുന്നത്. ഭരണഘടനാ പ്രകാരം സര്‍ക്കാരിന്റെ തലവന്‍ താനാണ്. എന്നെ പറ്റി പരാതിയുള്ളവര്‍ രാഷ്ട്രപതിയെ സമീപിക്കട്ടെ. തന്നെ നിയമിച്ചത് രാഷ്ട്രപതിയാണ്.

സര്‍ക്കാരിനെ ഉപദേശിക്കാനും തിരുത്താനും തനിക്ക് അധികാരമുണ്ട്. ഭരണഘടനാപരമായി അത് തന്റെ കര്‍ത്തവ്യവുമാണ്. അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പറയുന്നതിന് അര്‍ത്ഥം സര്‍ക്കാരുമായി ഏറ്റുമുട്ടുന്നു എന്നല്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. നിയമസഭയുടെ ഭാഗമായ ഗവര്‍ണര്‍ നിയമസഭാ നടപടിയെ ചോദ്യം ചെയ്യുന്ന നിലപാട് വച്ച് പൊറുപ്പിക്കാനാകില്ലെന്നും അതുകൊണ്ട് ഗവര്‍ണറെ തിരിച്ച് വിളിക്കാന്‍ രാഷ്ട്രപതി തയാറാകണമെന്ന പ്രമേയം നിയമസഭയില്‍ അവതരിപ്പിച്ച് പാസാക്കണമെന്നും സ്പീക്കറുടെ അനുമതിയോടെയാണ് നിയമസഭാ പ്രമേയം പരിഗണനയ്ക്ക് എടുത്തതും ഐക്യകണ്ഠേന പാസാക്കിയതും. അത് കേരളത്തിലെ ജനങ്ങളുടെ വികാരമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറയുന്നു.

Comments are closed.