മാരുതി സുസുക്കി ആള്‍ട്ടോയുടെ ബിഎസ് VI സിഎന്‍ജി പതിപ്പിനെ വിപണിയില്‍ അവതരിപ്പിച്ചു

ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ആള്‍ട്ടോയുടെ ബിഎസ് VI സിഎന്‍ജി പതിപ്പിനെ വിപണിയില്‍ അവതരിപ്പിച്ചു. 4.33 ലക്ഷം രൂപയാണ് പുതിയ പതിപ്പിന്റെ എക്‌സ്‌ഷോറും വില.

ആള്‍ട്ടോ LXi S, അള്‍ട്ടോ LXi (O) S എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാണ് സിഎന്‍ജി വിപണിയില്‍ എത്തുന്നത്. നിലവില്‍ ബിഎസ് VI -എഞ്ചിന്‍ കരുത്തില്‍ കൂടുതല്‍ വാഹനങ്ങളെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നതും മാരുതി തന്നെയാണ്. 31.59 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് കാറില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നത്.

മൈലേജിന് പുറമെ, ഉയര്‍ന്ന പ്രകടനം, ശക്തമായ സുരക്ഷ, എന്‍ജിന്‍ ആയുസ്, സുഖയാത്ര എന്നിവയും വാഹനത്തില്‍ കമ്പനി ഉറപ്പുനല്‍കുന്നുണ്ട്. ബിഎസ് VI നിലവാരത്തിലുള്ള 800 സിസി മൂന്ന് സിലിണ്ടര്‍ എന്‍ജിനാണ് സിഎന്‍ജി പതിപ്പിനും കരുത്തേകുന്നത്.

ഈ എഞ്ചിന്‍ 41 bhp കരുത്തും 69 Nm torque ഉം ആണ് സൃഷ്ടിക്കുന്നത്. വാഹനത്തിന്റെ പെട്രോള്‍ പതിപ്പിനെ ബിഎസ് VI എഞ്ചിന്‍ കരുത്തില്‍ കമ്പനി പോയ വര്‍ഷം തന്നെ വിപണിയില്‍ അവതരിപ്പിച്ചിരുന്നു. മൂന്നിലെ ഗ്രില്ലില്‍ ഉള്‍പ്പെടെ വരുത്തിയ മാറ്റങ്ങളുടെയും സുരക്ഷ സന്നാഹങ്ങളുടെയും അകമ്പടിയോടെയാണ് വാഹനത്തെ വിപണിയില്‍ അവതരിപ്പിച്ചിരുന്നത്.

മാരുതി ആള്‍ട്ടോ നിരയിലെ ഏറ്റവും ഉയര്‍ന്ന വകഭേദമായ VXi+ അടുത്തിടെ കൂടുതല്‍ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി കമ്പനി വിപണിയില്‍ അവതരിപ്പിച്ചിരുന്നു. ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ സംവിധാനമുള്ള ഏഴ് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് ഇതില്‍ പ്രധാന സവിശേഷത. 3.80 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറും വില.

മാരുതി നിരയിലെ ടോപ്പ് സെല്ലിങ്ങ് വാഹനമാണ് ആള്‍ട്ടോ. 2000 -ത്തിലാണ് മാരുതി ഈ വാഹനം അവതരിപ്പിക്കുന്നത്. മാരുതി 800 പിന്‍വലിച്ചതിന് പിന്നാലെ ആള്‍ട്ടോ, ആള്‍ട്ടോ 800 എന്ന പേരില്‍ വിപണയില്‍ എത്തി. കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍ ആള്‍ട്ടോയുടെ 38 ലക്ഷം യൂണിറ്റാണ് നിരത്തിലെത്തിയിട്ടുള്ളത്.

2019 ഒക്ടോബര്‍ ഒന്നു മുതല്‍ വാഹനങ്ങളില്‍ പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ നിലവില്‍ വന്നിരുന്നു. ഇതിന്റെ ഭാഗമായി എബിഎസ്, ഡ്രൈവര്‍ എയര്‍ബാഗ്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ സംവിധാനം, വേഗ മുന്നറിയിപ്പ് സംവിധാനം, പിന്‍ പാര്‍ക്കിങ് സെന്‍സറുകള്‍, ഇലക്ട്രോണിക്ക് ബ്രേക്ക്, ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍ സിസ്റ്റം (EDB) എന്നിവ മുഴുവന്‍ മോഡലുകളിലും നിര്‍മ്മാതാക്കള്‍ ഉറപ്പുവരുത്തേണ്ടതായുണ്ട്.

ആള്‍ട്ടോയിലും അടുത്തിടെ ഈ സുരക്ഷാ സംവിധാനങ്ങള്‍ എല്ലാം ഇടം പിടിച്ചിരുന്നു. കരുത്തുറ്റ എന്‍ജിനും മികച്ച ഇന്ധനക്ഷമതയുമുള്ള ഇന്ത്യയിലെ ആദ്യ ബിഎസ് VI കംപ്ലൈന്റ് എന്‍ട്രി ലെവല്‍ കാറെന്ന ഖ്യാതിയും ആള്‍ട്ടോയ്ക്ക് സ്വന്തമാണ്.

അപ്ടൗണ്‍ റെഡ്, സുപ്പീരിയര്‍ വൈറ്റ്, സില്‍ക്കി സില്‍വര്‍, ഗ്രാനൈറ്റ് ഗ്രേ, മൊജീറ്റോ ഗ്രീന്‍, സെറൂലിയന്‍ ബ്ലൂ എന്നീ ആറ് നിറങ്ങളില്‍ വാഹനം വിപണിയില്‍ ലഭ്യമാണ്. 22.05 കിലോമീറ്ററാണ് പെട്രോള്‍ പതിപ്പില്‍ കമ്പനി അവകാശപ്പെടുന്ന ഇന്ധനക്ഷമത.

ഇന്ത്യന്‍ വാഹന നിര്‍മാതാക്കളായ മാരുതി മാസങ്ങള്‍ക്ക് മുമ്പ് തന്നെ അവരുടെ നിരയില്‍ നിന്നും മിക്ക മോഡലുകളുടെയും ബിഎസ് VI പതിപ്പിനെ വിപണിയില്‍ എത്തിച്ചിരുന്നു. മാരുതിയുടെ പത്ത് മോഡലുകളാണ് ബിഎസ് VI കംപ്ലയിന്റ് എഞ്ചിന്‍ വാഗ്ദാനം ചെയ്യുന്നത്.

Comments are closed.