അമേരിക്കന്‍ ബാസ്‌കറ്റ് ബാള്‍ താരം കോബി ബ്രയന്റും മകളും ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ചു

കാലിഫോര്‍ണിയ: അമേരിക്കന്‍ ബാസ്‌കറ്റ് ബാള്‍ ഇതിഹാസം കോബി ബ്രയന്റ് (41) ഉം കോബിയുടെ പതിമ്മൂന്ന്കാരിയായ മകള്‍ ജിയാന്നയും ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ചു. ഞായറാഴ്ച രാവിലെ പ്രാദേശിക സമയം 9.45 ( ഇന്ത്യന്‍ സമയം രാത്രി 11.15 ) ഓടെ ലോസാഞ്ചല്‍സിന് സമീപം കലബസാസിന് സമീപമുള്ള കുന്നിന്‍ ചരിവില്‍ വച്ചാണ് അപകടമുണ്ടായത്.

ദക്ഷിണ കാലിഫോര്‍ണിയയിലെ ന്യൂപോര്‍ട്ട് ബീച്ചിലുള്ള വീട്ടില്‍ നിന്ന് തൗസന്‍ഡ് ഒസാക്കയില്‍ തന്റെ തന്നെ ഉടമസ്ഥതയിലുള്ള മാമ്പ സ്‌പോര്‍ട്‌സ് അക്കാഡമിയില്‍ മകള്‍ ജിയാന്നയെ ബാസ്‌കറ്റ്ബാള്‍ പരിശീലനത്തിനായി കൊണ്ടു പോകും വഴിയാണ് കോബിയുടെ സ്വകാര്യ ഹെലികോപ്ടര്‍ തകര്‍ന്നത്. അതേസമയം ഇവര്‍ക്കൊപ്പം ഹെലികോപ്ടറിലുണ്ടായിരുന്ന ബാക്കി ഏഴ്‌പേരും മരിച്ചതായാണ് റിപ്പോര്‍ട്ട്.

മൂടല്‍ മഞ്ഞും മോശം കാലാവസ്ഥയുമാണ് അപകട കാരണമെന്നാണ് വിവരം. 5 തവണ എന്‍.ബി.എ ചാമ്പ്യന്‍ഷിപ്പും 18 തവണ എന്‍.ബി.എ ആള്‍സ്റ്രാര്‍ ടീമംഗവും 2 തവണ മോസ്റ്ര് വാല്യൂബള്‍ താരവും ആയിട്ടുള്ള കോബി 2008, 2012 വര്‍ഷങ്ങളില്‍ ഒളിമ്പിക്‌സ് സ്വര്‍ണം നേടിയിട്ടുള്ള യു.എസ് ടീമംഗവുമായിരുന്നു. 2018ല്‍ കോബി നിര്‍മ്മിച്ച ആനിമേറ്റഡ് ഷോര്‍ട്ട് ഫിലിമായ ഡിയര്‍ ബാസ്‌കറ്ര് ബാള്‍ ഓസ്‌കാര്‍ അവാര്‍ഡും നേടിയിരുന്നു.

Comments are closed.