പൗരത്വ ഭേദഗതി : എല്‍.ഡി.എഫ് ആഹ്വാനം ചെയ്ത മനുഷ്യ മഹാശൃംഖലയില്‍ രാഷ്ട്രീയ വേര്‍തിരിവില്ലാതെ ജനലക്ഷങ്ങള്‍ പങ്കെടുത്തു

തിരുവനന്തപുരം: പൗരത്വ ഭേദഗതി ബില്ലിനെതിരെ റിപ്പബ്ലിക് ദിനത്തില്‍ എല്‍.ഡി.എഫ് ആഹ്വാനം ചെയ്ത കാസര്‍കോട് മുതല്‍ കളിയിക്കാവിളവരെ നീണ്ട മനുഷ്യ മഹാശൃംഖലയില്‍ ഭൂരിപക്ഷ, ന്യൂനപക്ഷ വിത്യാസമോ രാഷ്ട്രീയ വേര്‍തിരിവോ ഇല്ലാതെ ജനലക്ഷങ്ങള്‍ പങ്കെടുത്തിരുന്നു. വൈകിട്ട് മൂന്നിന് പ്രവര്‍ത്തകരും അനുഭാവികളുമെത്തി. മൂന്നരയ്ക്ക് റിഹേഴ്സല്‍കഴിഞ്ഞ് നാലിന് ഭരണഘടനയുടെ ആമുഖം വായിച്ച് പ്രതിഞ്ജയെടുത്തു.

തുടര്‍ന്ന് സംസ്ഥാനത്ത് 250ഓളം കേന്ദ്രങ്ങളില്‍ പൊതുയോഗം ചേര്‍ന്നിരുന്നു. ഒരു രാഷ്ട്രമെന്നനിലയില്‍ ഇന്ത്യയെ ഒരുമിച്ച് നിറുത്തുകയും ചലനാത്മകമാക്കുകയും ജനതയെ യോജിപ്പിക്കുകയും ചെയ്യുന്ന ഭരണഘടനയെ കേന്ദ്രസര്‍ക്കാര്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നു എന്നാരോപിച്ച്, ഭരണഘടന സംരക്ഷിക്കുക, മതം നോക്കി പൗരത്വം നിര്‍ണയിക്കുന്ന പൗരത്വ ഭേദഗതി നിയമം റദ്ദ് ചെയ്യുക എന്നീ മുദ്രാവാക്യങ്ങളായിരുന്നു ഉയര്‍ന്നത്.

സാമൂഹ്യ, രാഷ്ട്രീയ മേഖലയിലെ പ്രമുഖര്‍, ജനപ്രതിനിധികള്‍, എഴുത്തുകാര്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍, കലാകാരന്മാര്‍, സ്വാതന്ത്ര്യസമര സേനാനികളുടെയും രക്തസാക്ഷികളുടെയും കുടുംബാംഗങ്ങള്‍, കൃഷിക്കാര്‍, തൊഴിലാളികള്‍, യുവജനങ്ങള്‍, വിദ്യാര്‍ഥികള്‍, വീട്ടമ്മമാര്‍ തുടങ്ങിയവരെല്ലാം പങ്കെടുക്കുകയായിരുന്നു. കാസര്‍കോട് സി.എം പോളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള ആദ്യ കണ്ണിയായി.

അവിടെ നിന്ന് ദേശീയപാതയില്‍ പടിഞ്ഞാറ് വശം ചേര്‍ന്ന് തീര്‍ത്ത മഹാശൃംഖലയുടെ അവസാന കണ്ണി കളിയിക്കാവിളയില്‍ പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി ആയിരുന്നു. തലസ്ഥാനത്ത് പാളയത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ കുടുംബസമേതം കണ്ണിചേര്‍ന്നു. മലങ്കര ഓര്‍ത്തഡോക്സ് സഭാവൈദികരും പാളയം ഇമാം വി. പി. ഷുഹൈബ് മൗലവിയും ഉള്‍പ്പെടെ വിവിധ സമുദായ പ്രമുഖരും അണിനിരന്നിരുന്നു.

Comments are closed.