Ultimate magazine theme for WordPress.

ചെങ്കോട്ട ഹൈവേയില്‍ ടോറസ് ലോറിക്കടിയില്‍പ്പെട്ട് സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു

നെടുമങ്ങാട് : ചെങ്കോട്ട ഹൈവേയില്‍ കല്ലമ്പാറയില്‍ ഇന്നലെ വൈകിട്ട് മൂന്നരയോടെ വാഹനം കെട്ടിവലിച്ചുകൊണ്ടുപോകുകയായിരുന്ന റിക്കവറി വാഹനത്തെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ ടോറസ് ലോറിക്കടിയില്‍പ്പെട്ട് സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു. നെടുമങ്ങാട് നെട്ട കുന്നുംപുറത്ത് വീട്ടില്‍ അഖിലയാണ് (37) മരിച്ചത്

. 11 -ാംകല്ലില്‍ നിന്ന് കല്ലമ്പാറയിലേക്ക് വാഹനത്തെ കെട്ടിവലിച്ചു കൊണ്ടുപോയ റിക്കവറി വാഹനത്തെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ സ്‌കൂട്ടറിന്റെ ഹാന്‍ഡില്‍എതിരെ വന്ന തമിഴ്‌നാട് രജിസ്ട്രേഷന്‍ ലോറിയില്‍ തട്ടുകയും തുടര്‍ന്ന് സ്‌കൂട്ടറിന്റെ നിയന്ത്രണം വിട്ട് അഖില റോഡില്‍ തലയിടിച്ച് ലോറിക്ക് അടിയിലേക്ക് വീഴുകയായിരുന്നു.

യുവതിയെ ഉടന്‍ ആട്ടോ ഡ്രൈവര്‍മാര്‍ ചേര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. അഖിലയ്ക്ക് സ്വന്തമായുള്ള മൂന്ന് സെന്റ് സ്ഥലത്ത് ലൈഫ് മിഷനില്‍ ഉള്‍പ്പെടുത്തി നഗരസഭ അനുവദിച്ച വീടിന്റെ മേല്‍ക്കൂര വാര്‍പ്പ് അടുത്തിടെയാണ് കഴിഞ്ഞത്. ഗൃഹപ്രവേശ ചടങ്ങ്‌നടത്താനുള്ള തയ്യാറെടുപ്പിലായിരുന്നു.

അച്ഛന്‍ കൃഷ്ണന്‍കുട്ടിയുടെയും അമ്മ ലളിതയുടെയും സംരക്ഷണയില്‍ കഴിഞ്ഞിരുന്ന അഖില നെട്ടയിലെ സ്വകാര്യ ബുക്ക് ഡിപ്പോയില്‍ ജോലിക്ക് പോയാണ് കുടുംബം നടത്തിയിരുന്നത്. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ഇന്ന് ഉച്ചയോടെ കല്ലമ്പാറ പൊതുശ്മശാനത്തില്‍ സംസ്‌കരിക്കുന്നതാണ്. ശ്രീഹരി ഋഷികേശ് (12) ഏക മകനാണ്. ഭര്‍ത്താവ് കെ.ബിജു 10 വര്‍ഷം മുമ്പ് മഞ്ഞപ്പിത്തം പിടിപെട്ട് മരിച്ചിരുന്നു.

Comments are closed.