നാല്‍പ്പത് വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റിലായി

കൊല്ലം: മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ പോലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റിലായി. പത്തനംതിട്ട മണിയാര്‍ കെ എപി അഞ്ചാം ബറ്റാലിയനിലെ ഹവില്‍ദാര്‍ ജയകുമാറാ(43)ണ് അറസ്റ്റിലായത്. അതേസമയം നാല്‍പ്പത് വയസുകാരിയായ ഇവരെ പലതവണ പീഡിപ്പിച്ചു എന്ന കേസില്‍ എസ് എന്‍ പുരം ഇടയാടി വിളവീട്ടില്‍ സുന്ദരന്‍ (50) എന്ന മറ്റൊരാളും അറസ്റ്റിലായിട്ടുണ്ട്.

20-ാം തീയതി രാത്രി സ്ത്രീയുടെ വീട്ടില്‍ എത്തി പോലീസ് ആണെന്ന് പറഞ്ഞ് ജയകുമാര്‍ വാതിലില്‍ മുട്ടി. വാതില്‍ തുറന്നതോടെ ജയകുമാര്‍ സ്ത്രീക്ക് നേരെ ലൈംഗികാതിക്രമം കാട്ടി. ഉടന്‍ സ്ത്രീ കുതറി ഓടി. ജയകുമാര്‍ സ്ത്രീയുടെ പിന്നാലെ ഓടിയെങ്കിലും പിടികൂടാന്‍ സാധിച്ചില്ല. തുടര്‍ന്ന് പ്രദേശ വാസികളെ സ്ത്രീ വിവരം അറിയിക്കുകയുമായിരുന്നു.

തുടര്‍ന്ന് അവര്‍ പോലീസില്‍ അറിയിച്ചു. തുടര്‍ന്ന് റൂറല്‍ എസ് പി ഹരിശങ്കറുടെ നിര്‍ദേശ പ്രകാരം വനിത സെല്‍ സിഐയുടെ നേതൃത്വത്തില്‍ സ്ത്രീയുടെ മൊഴി രേഖപ്പെടുത്തുകയും കേസ് പുത്തൂര്‍ പോലീസിന് കൈമാറുകയും ചെയ്തു. പിന്നീട് മജിസ്ട്രേറ്റിന്റെ മുന്‍പാകെ സ്ത്രീ മൊഴി നല്‍കി. നിരവധിതവണ തന്നെ പീഡിപ്പിച്ചിട്ടുണ്ടെന്ന സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സുന്ദരനെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് പ്രതികളെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്യുകയായിരുന്നു.

Comments are closed.