നിര്‍ഭയ കൊലപാതക കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട പ്രതികളില്‍ ഒരാളായ മുകേഷ് സിംഗ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തളളി

ന്യുഡല്‍ഹി: നിര്‍ഭയ കൂട്ടബലാത്സംഗ, കൊലപാതക കേസില്‍ വധശിക്ഷയ്ക്കെതിരെ രാഷ്ട്രപതിക്ക് സമര്‍പ്പിച്ച ദയാഹര്‍ജി നിരസിച്ചത് ചോദ്യം ചെയ്ത് നാലു കുറ്റവാളികളില്‍ ഒരാളായ മുകേഷ് സിംഗ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തളളി. രാഷ്പ്രതിയുടെ തീരുമാനത്തില്‍ ഇടപെടാനാവില്ലെന്ന് പറഞ്ഞ കോടതി വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു.

ദയാഹര്‍ജിക്കൊപ്പം പ്രസക്തമായ എല്ലാ രേഖകളും സര്‍ക്കാര്‍ രാഷ്ട്രപതിക്ക് സമര്‍പ്പിച്ചിരുന്നില്ലെന്ന മുകേഷിന്റെ അഭിഭാഷകന്റെ വാദം ജസ്റ്റീസ് ആര്‍.ബാനുമതി അധ്യക്ഷയായ ബെഞ്ച് തള്ളിക്കളയുകയും വിചാരണ കോടതി, ഹൈക്കോടതി, സുപ്രീം കോടതി എന്നിവയുടെ വിധി പകര്‍പ്പുകള്‍ അടക്കം രാഷ്ട്രപതിക്ക് സമര്‍പ്പിച്ചിരുന്നുവെന്നും കോടതി വ്യക്തമാക്കി.

ജയിലില്‍ മനുഷ്യത്വരഹിതമായ പീഡനത്തിന് ഇരയായെന്നും കൂട്ടുപ്രതിയുമായി പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിന് അധികൃതര്‍ നിര്‍ബന്ധിച്ചുവെന്നുമുള്ള ആരോപണങ്ങള്‍ക്ക് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി തള്ളിയത്. അതേസമയം ഫെബ്രുവരി ഒന്നിന് നാല കുറ്റവാളികളുടെയും ശിക്ഷ നടപ്പാക്കുന്നത് വിചാരണ കോടതി വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

Comments are closed.