കാസര്‍കോട്- തിരുവനന്തപുരം സെമി ഹൈസ്പീഡ് റെയില്‍ പദ്ധതി അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും : നയപ്രഖ്യാപനം

തിരുവനന്തപുരം: സര്‍ക്കാരിന്റെ നയപ്രഖ്യാപനത്തെത്തുടര്‍ന്ന് കാസര്‍കോട്- തിരുവനന്തപുരം സെമി ഹൈസ്പീഡ് റെയില്‍ പദ്ധതി അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും ജനപങ്കാളിത്തത്തോടെ ലൈഫ് മിഷന്‍ പദ്ധതി കൂടുതല്‍ വ്യാപിപ്പിക്കുമെന്നും കൂടാതെ മറ്റ് ആശ്രയമില്ലാത്ത വീട്ടമ്മമാര്‍ക്ക് അത്യാവശ്യ ഘട്ടങ്ങളില്‍ അരലക്ഷം രൂപ വരെ സഹായം നടപ്പാക്കുമെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ പ്രഖ്യാപിച്ചു.

പ്രളയ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ നൂറ് പേര്‍ക്ക് ഒരു സന്നദ്ധത പ്രവര്‍ത്തകന്‍ എന്ന അനുപാതത്തില്‍ വളണ്ടിയര്‍ സേന രൂപീകരിക്കുമെന്നും അതിനായി 2020 മേയ് അവസാനത്തോടെ ഈ വളണ്ടിയര്‍ കോര്‍ തയ്യാറാകുമെന്നും ഇത് വഴി 3,40,000 കമ്മ്യൂണിറ്റി വളണ്ടിയര്‍മാരുടെ സേവനം സംസ്ഥാനത്തിന് ലഭ്യമാകുമെന്നും നയപ്രഖ്യാപനത്തില്‍ പറയുന്നു.

അതേസമയം സംസ്ഥാന തലത്തില്‍ ഒരു വിവര സേവന ശൃംഖല സൃഷ്ടിക്കുമെന്നും, തലസ്ഥാന നഗരയിലെ സെന്‍ട്രല്‍ ഹബ്ബുമായി ഇതിനെ ബന്ധിപ്പിക്കുമെന്നും ഓരോ ജില്ലയ്ക്കും ഒരോ ഇന്‍ഫര്‍മേഷന്‍ ഹബ്ബ് ഏര്‍പ്പെടുത്തുമെന്നുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാന ഐടി മിഷന്റെ പൊതു ജന മാപ്പിംഗ് സംരംഭമായ മാപ്പത്തോണ്‍ പദ്ധതി ആരംഭിച്ചതായും പൊതു ജനങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് ലഭ്യതയ്ക്കായി 200 പബ്ലിക് വൈഫൈ ഹോട്ട് സ്‌പോട്ടുകള്‍ ആരംഭിക്കുന്നതാണെന്നും പ്രഖ്യാപിച്ചു. കൂടാതെ പത്ത് ലക്ഷം കര്‍ഷകര്‍ക്ക് പരിശീലനം നല്‍കാന്‍ കൃഷി പാഠശാല സ്ഥാപിക്കുമെന്നും പ്രഖ്യാപനമുണ്ട്.

Comments are closed.