28 ദിവസം വരെയുളള പ്ലാനുകളുടെ നിരക്ക് വര്‍ദ്ധിപ്പിക്കാനൊരുങ്ങി കമ്പനികള്‍

താരിഫ് വില ഉയർത്തിയതിന് ശേഷവും കമ്പനികൾ ഉദ്ദേശിച്ച നിലയിലേക്ക് ഉപയോക്താവിൽ നിന്നുള്ള ശരാശരി വരുമാനം (ARPU) വളർന്നിട്ടില്ലെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ താരിഫ് നിരക്കുകൾ ഇനിയും ഉയരും.

പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് കമ്പനികൾ തങ്ങളുടെ ഹ്രസ്വകാല പ്ലാനുകളുടെ താരിഫ് നിരക്ക് വർദ്ധിപ്പിക്കാനൊരുങ്ങുകയാണ്. ദീർഘകാല പ്ലാനുകളുടെ നിരക്കിൽ വർദ്ധനവ് വരുത്താതെ 28 ദിവസം വരെയുളള പ്ലാനുകളുടെ നിരക്ക് വർദ്ധിപ്പിക്കാനാണ് പദ്ധതി.

നിലവിൽ കമ്പനികൾ 84 ദിവസം വരെ വാലിഡിറ്റിയുള്ള പ്ലാനുകൾ അവതരിപ്പിക്കുന്നുണ്ട്. ഇത് കൂടാതെ 180 ദിവസവും ഒരു വർഷം വരെയുമുള്ള പ്ലാനുകൾ ഉണ്ടെങ്കിലും അവ മിക്കതും ദിവസേനയുള്ള ഡാറ്റ ആനുകൂല്യങ്ങൾ ലഭ്യമാക്കാത്ത പ്ലാനുകളാണ്.

ഹ്രസ്വകാല പ്ലാനുകളുടെ നിരക്ക് വർദ്ധിപ്പിക്കുന്നത് എആർപിയു വർദ്ധിപ്പിക്കുമെന്നാണ് കമ്പനികൾ പ്രതീക്ഷിക്കുന്നത്. അടുത്തിടെയാണ് കമ്പനികൾ താരിഫ് നിരക്കുകൾ ഉയർത്തിയത് എങ്കിലും നിലവിലുള്ള ഹ്രസ്വകാല പ്ലാനുകളുടെ താരിഫിൽ കമ്പനികൾ തൃപ്തരല്ല. പല പ്ലാനുകളും ദിവസേന 2ജിബി ഡാറ്റയും മറ്റ് ആനുകൂല്യങ്ങളും നൽകുന്ന പ്ലാനുകളാണ്. അതുകൊണ്ട് തന്നെ ഇനിയും വില വർദ്ധിപ്പിക്കാനാണ് നീക്കം.

28 ദിവസത്തെ സൈക്കിളിൽ 200 രൂപ, 300 രൂപ, 400 രൂപ വിലകളിലുള്ള പ്ലാനുകൾ കൊണ്ടുവരണമെന്നും അവയിലൂടെ യഥാക്രമം 5 ജിബി, 10 ജിബി, 20 ജിബി എന്നിങ്ങനെ ഡാറ്റ ആനുകൂല്യങ്ങൾ നൽകണമെന്നും ഡച്ച് ബാങ്ക് പറഞ്ഞതായി ഇക്കണോമിക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

ഇത്തരത്തിലുള്ള നടപടിയിലേക്ക് നീങ്ങിയാൽ ടെലിക്കോം കമ്പനികൾക്ക് ഒരു ഉപയോക്താവിൽ നിന്ന് ലഭിക്കുന്ന ശരാശരി വരുമാനത്തിൽ പ്രതിമാസം 50 രൂപ അധികമായി ലഭിക്കുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഈ വർഷം അവസാനത്തോടെ ടെലിക്കോം ഓപ്പറേറ്റർമാർ താരിഫ് നിരക്ക് 25 ശതമാനം മുതൽ 35 ശതമാനം വരെ ഉയർത്താൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. വരുമാനം വർദ്ധിപ്പിക്കുന്നതിന് ഓപ്പറേറ്റർമാർ കർശന നടപടിയെടുക്കുമെന്നാണ് ഡച്ച് ബാങ്ക് നിർദ്ദേശം.

താരിഫ് നിരക്കുകളിൽ ഫ്ലോർ വില നിർണയം നടത്തണമെന്ന് ട്രായ് യോട് ടെലിക്കോം കമ്പനികൾ ആവശ്യപ്പെട്ടിരുന്നു. അടിസ്ഥാന വില നിർണയിച്ചു കഴിഞ്ഞാൽ കമ്പനികൾക്കിടയിലെ മത്സരം മൂലം ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം കുറയ്ക്കാൻ സാധിക്കും.

ദീർഘകാല വാലിഡിറ്റി പ്ലാനുകളിൽ നിന്ന് ഉയർന്ന മാർജിനിൽ ഉള്ള ഉപഭോക്താക്കളെ നഷ്ടപ്പെടാതിരിക്കാൻ ടെലിക്കോം ഓപ്പറേറ്റർമാർ അതീവ ജാഗ്രത പാലിക്കണമെന്ന് സെല്ലുലാർ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ (സി‌എ‌ഐ‌ഐ) ഡയറക്ടർ ജനറൽ രാജൻ മാത്യൂസ് പറഞ്ഞു. വലിയ ഡാറ്റാ അലോക്കേഷനുകൾ ഉപയോഗിച്ച് 28 ദിവസത്തെ പ്ലാനുകളുടെ ബാസ്കറ്റ് വികസിപ്പിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഓപ്പറേറ്റർമാർ നിരവധി പുതിയ തന്ത്രങ്ങളാണ് ഉപയോക്താക്കളെ ആകർഷിക്കാനായി നൽകുന്നത്. അതിനിടയിൽ തന്നെ സാമ്പത്തിക നഷ്ടം കണക്കിലെടുത്ത് പല പ്ലാനുകളിലും കമ്പനികൾ ഭേദഗതികൾ വരുത്തുന്നുമുണ്ട്. എയർടെൽ അതിന്റെ പോസ്റ്റ്പെയ്ഡ് പ്ലാനുകൾക്കൊപ്പം നേരത്തെ നെറ്റ്ഫ്ലിക്സ് ആക്സസ് നൽകിയിരുന്നു.

ഇത് ഇപ്പോൾ നിർത്തലാക്കി. നാല് പ്ലാനുകളിലൂടെ കമ്പനി നെറ്റ്ഫ്ലിക്സിലേക്ക് മൂന്ന് മാസത്തെ ആക്സസാണ് വാഗ്ദാനം ചെയ്തിരുന്നത്. പല പ്ലാനുകൾക്കൊപ്പനും ഇൻഷൂറൻസ് കവറേജും കമ്പനി ഇപ്പോൾ നൽകുന്നുണ്ട്. മറ്റ് ഓപ്പറേറ്റർമാരും ഇത്തരത്തിൽ പല തന്ത്രങ്ങളും കൊണ്ടുവരുന്നുണ്ട്.

Comments are closed.