കൊറോണ വൈറസിനെത്തുടര്‍ന്ന് ചൈനയില്‍ നിന്ന് മടങ്ങിയെത്തുന്നവര്‍ ഒരുമാസം ജാഗ്രത പുലര്‍ത്തണമെന്ന് കെ.കെ.ശൈലജ

തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ ഭാഗമായി ചൈനയില്‍ നിന്ന് വരുന്നവര്‍ ഒരുമാസം ജാഗ്രത പുലര്‍ത്തണമെന്ന് മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. ഈ സമയത്ത് പനി, ചുമ, ശ്വാസതടസം എന്നീ രോഗലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ ജില്ലകളില്‍ സജ്ജമാക്കിയിരിക്കുന്ന പ്രത്യേക ചികിത്സ സംവിധാനവുമായി ബന്ധപ്പെടേണ്ടതാണ്.

അതിനായി ഇത്തരം സംവിധാനങ്ങളുടെ ഫോണ്‍ നമ്പരും വിശദ വിവരങ്ങളും ദിശ 0471 255 2056 എന്ന നമ്പരില്‍ വിളിച്ചാല്‍ ലഭിക്കുന്നതാണ്. കൊറോണ വൈറസ് വ്യാപിച്ചതിനെ തുടര്‍ന്ന് ചൈനയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചതിനാല്‍ ഫെബ്രുവരി രണ്ടിന് നൂറിലേറെ മലയാളി വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും കേരളത്തില്‍ തിരിച്ചെത്തുമ്പോള്‍ ഇവര്‍ക്ക് വിമാനത്താവളത്തില്‍ വച്ചുതന്നെ പരിശോധന നടത്തുകയും രക്തസാമ്പിള്‍ ശേഖരിക്കുകയും ചെയ്യും.

അതേസമയം കേരളത്തില്‍ ആകെ 806 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. അതില്‍ 10 പേര്‍ മാത്രമാണ് ആശുപത്രിയില്‍ കഴിയുന്നത്. 796 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്.16 പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി പൂനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂല്‍ അയച്ചിട്ടുണ്ട്. അതില്‍ 10 പേര്‍ക്കും കൊറോണ രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു.

Comments are closed.