പൗരത്വ നിയമഭേദഗതിയ്ക്കെതിരേ യൂറോപ്യന്‍ പാര്‍ലമെന്റ് നടത്താനിരുന്ന വോട്ടിംഗ് മാര്‍ച്ചിലേക്ക് മാറ്റി

ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതിയ്ക്കെതിരേ യൂറോപ്യന്‍ പാര്‍ലമെന്റ് നടത്താനിരുന്ന വോട്ടിംഗ് ബുധനാഴ്ച നടന്ന വലിയ ചര്‍ച്ചകള്‍ക്ക് ശേഷം മാര്‍ച്ചിലേക്ക് മാറ്റിയിരിക്കുകയാണ്. സഭയില്‍ ഹാജരായവരില്‍ ഭൂരിഭാഗം പേര്‍ വോട്ടെടുപ്പിനെ മാറ്റി വെയ്ക്കുന്നതിനോട് അനുകൂലിച്ചിരുന്നു. 751 അംഗ സഭയിലെ 500 എംഇപികളുടെ ഇടപെടലായിരുന്നു ഇത്. എന്നാല്‍ ഇതില്‍ 483 അംഗങ്ങള്‍ ആയിരുന്നു സഭയില്‍ എത്തിയത്.

ഇതില്‍ 271 പേര്‍ വോട്ടെടുപ്പ് നീട്ടി വെയ്ക്കുന്നതിനെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ 199 പേര്‍ മാറ്റി വെയ്ക്കേണ്ടെന്ന നിലപാടിലായിരുന്നു. 13 പേര്‍ മാറി നിന്നിരുന്നു. അതിനാല്‍ വോട്ടെടുപ്പ് താല്‍ക്കാലികമായി മാറ്റി വെയ്പ്പിക്കാന്‍ സാധിച്ചത് ഇന്ത്യയുടെ നയതന്ത്ര വിജയമായിട്ടാണ് കാണുന്നത്. ബ്രിട്ടനില്‍ നിന്നുള്ള പ്രതിനിധി പാക് വംശജനായ എംഇപി ഷഫീഖ് മൊഹമ്മദാണ് യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റില്‍ വിഷയം കൊണ്ടു വന്നതെന്നാണ് ഇന്ത്യയുടെ ആരോപണം.

വെള്ളിയാഴ്ച മുതല്‍ ബ്രക്സിറ്റ് നടപ്പിലാകുന്നതോടെ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന് പുറത്താകും. പിന്നെ ഇക്കാര്യത്തില്‍ ബ്രിട്ടനില്‍ നിന്നുള്ള അംഗങ്ങളുടെ എതിര്‍പ്പ് ഇന്ത്യയ്ക്ക് തിരിച്ചടിയാകില്ല. പൗരത്വഭേദഗതി നിയമത്തിന്റെ സ്വഭാവത്തില്‍ തെറ്റിദ്ധരിക്കലാണ് നടക്കുന്നതെന്നാണ് ഇന്ത്യ നേരത്തേ ഉന്നയിച്ച വാദം. നിയമം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും ഏതെങ്കിലും മതങ്ങള്‍ക്ക് എതിരേയുള്ളതല്ല എന്നും എതിര്‍ത്ത് വോട്ടു ചെയ്യാനുള്ള നീക്കത്തില്‍ നിന്നും യൂറോപ്യന്‍ യൂണിയന്‍ വിട്ടു നില്‍ക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.

Comments are closed.