പ്ലെഷര്‍ പ്ലസ് 110 -യുടെ ബിഎസ് VI പതിപ്പിനെ പുറത്തിറക്കി ഹീറോ മോട്ടോകോര്‍പ്പ്

പ്ലെഷര്‍ പ്ലസ് 110 -യുടെ ബിഎസ് VI പതിപ്പിനെ പുറത്തിറക്കി ഹീറോ മോട്ടോകോര്‍പ്പ്. സ്റ്റീല്‍ വീല്‍ പതിപ്പിന് 54,800 രൂപയും, അലോയി വീല്‍ പതിപ്പിന് 56,800 രൂപയുമാണ് എക്‌സ്‌ഷോറും വില.

ബിഎസ് IV മോഡലില്‍ നിന്നും 6,300 രൂപയുടെ വര്‍ധനവാണ് പുതിയ പതിപ്പുകള്‍ക്ക് ഉണ്ടായിരിക്കുന്നതെന്നും കമ്പനി അറിയിച്ചു. എഞ്ചിന്‍ നവീകരണത്തിനൊപ്പം ചെറിയ ചില മാറ്റങ്ങളും കമ്പനി വരുത്തിയിട്ടുണ്ട്. ഫ്യുവല്‍-ഇഞ്ചക്ഷന്‍ സംവിധാനവും, പുതുക്കിയ എക്‌സ്‌ഹോസ്റ്റും പുതിയ മോഡലിന്റെ സവിശേഷതകളാണ്.

ഫ്യുവല്‍-ഇഞ്ചക്ഷന്‍ സംവിധാനം ഉള്‍പ്പെടുത്തിയതോടെ നിലവില്‍ വിപണിയില്‍ ഉള്ള മോഡലിനെക്കാള്‍ 10 ശതമാനത്തില്‍ അധികം മൈലേജും പുതിയ ബിഎസ് VI സ്‌കൂട്ടറില്‍ ലഭിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. ബിഎസ് VI മോഡലുകളുമായി രാജ്യത്ത് ആദ്യം രംഗപ്രവേശനം ചെയ്യുന്ന ഇരുചക്ര വാഹന ബ്രാന്‍ഡ് കൂടിയാണ് ഹീറോ മോട്ടോകോര്‍പ്പ്.

HF ഡീലക്‌സ്, സ്‌പ്ലെന്‍ഡര്‍ ഐസ്മാര്‍ട്ട് എന്നിവയുടെ ബിഎസ് VI പതിപ്പുകളെയാണ് ആദ്യം കമ്പനി വിപണിയില്‍ അവതരിപ്പിക്കുന്നത്. അധികം വൈകാതെ മറ്റ് പതിപ്പുകളെയും ബിഎസ് VI നിലവാരത്തില്‍ അവതരിപ്പിക്കുമെന്നും കമ്പനി അറിയിച്ചു.

8 bhp കരുത്തും 8.7 Nm torque ഉം സൃഷ്ടിക്കുന്ന ബിഎസ് VI, 110 സിസി എന്‍ജിനാണ് പുതിയ സ്‌കൂട്ടറിന്റെ കരുത്ത്. നിലവില്‍ വിപണിയില്‍ ഉള്ള മോഡലില്‍ നിന്നും എഞ്ചിന്‍ കരുത്തിലും, ടോര്‍ഖിലും മാറ്റങ്ങള്‍ ഒന്നും തന്നെ വരുത്തിയിട്ടില്ല.

മാറ്റ് ഗ്രീന്‍, മാറ്റ് റെഡ്, മാറ്റ് ആക്‌സിസ് ഗ്രേ, ഗ്ലോസി ബ്ലാക്ക്, ഗ്ലോസി ബ്ലൂ, ഗ്ലോസി വൈറ്റ്, ഗ്ലോസി റെഡ് എന്നീ ഏഴ് കളര്‍ ഓപ്ഷനുകളില്‍ പുതിയ പ്ലെഷര്‍ പ്ലസ് ലഭ്യമാണ്. അതേസമയം സ്‌കൂട്ടറില്‍ മറ്റ് മാറ്റങ്ങള്‍ ഒന്നും തന്നെ കമ്പനി വരുത്തിയിട്ടില്ല.

കഴിഞ്ഞ വര്‍ഷമാണ് പുതിയ പതിപ്പിനെ മാസ്‌ട്രോ എഡ്ജിനൊപ്പം കമ്പനി അവതരിപ്പിച്ചത്. ഷീറ്റ് മെറ്റല്‍ വീല്‍, കാസ്റ്റ് വീല്‍ എന്നീ രണ്ട് വകഭേദങ്ങളിലാണ് അന്ന് സ്‌കൂട്ടര്‍ വിപണിയില്‍ എത്തുന്നത്. മുന്‍വശത്തെ സില്‍വര്‍ പ്ലാസ്റ്റിക് ക്ലാഡിങ്, പരിഷ്‌കരിച്ച സൈഡ് പാനല്‍, ഹെഡ്‌ലൈറ്റ് ഡിസൈന്‍, ഇന്‍ഡികേറ്റര്‍ എന്നിവയാണ് പ്ലെഷര്‍ പ്ലസിനെ വ്യത്യസ്തമാക്കുന്നത്.

ചെറിയ ഡിജിറ്റല്‍ ഡിസ്‌പ്ലേയോടെ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ പരിഷ്‌കരിച്ചു. യുഎസ്ബി ചാര്‍ജിങ് സ്ലോട്ടും വാഹനത്തിലുണ്ട്. റിയര്‍ ഡിസൈനിലും കമ്പനി മാറ്റങ്ങള്‍ വരുത്തിയിരുന്നു. മുന്നിലും പിന്നിലും ഡ്രം ബ്രേക്കാണ് കമ്പനി നല്‍കിയിരിക്കുന്നത്.

സുരക്ഷയ്ക്കായി ഇന്റഗ്രേറ്റഡ് ബ്രേക്കിങ് സംവിധാനവും സ്‌കൂട്ടറില്‍ നല്‍കിയിട്ടുണ്ട്. അധികം വൈകാതെ തന്നെ 125 സിസി കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിളായ ഗ്ലാമറിന്റെ പരിഷ്‌ക്കരിച്ച ബിഎസ് VI പതിപ്പും വിപണിയില്‍ എത്തിയേക്കും.

Comments are closed.