കൊറോണ വൈറസ് : ഇന്ത്യയില്‍ ആദ്യമായി കേരളത്തില്‍ വുഹാന്‍ സര്‍വകലാശാല വിദ്യാര്‍ത്ഥിനിയായ തൃശൂര്‍ സ്വദേശിക്ക് സ്ഥിരീകരിച്ചു

തിരുവനന്തപുരം : കൊറോണ വൈറസ് ഇന്ത്യയില്‍ ആദ്യമായി കേരളത്തില്‍ ചൈനയിലെ വുഹാന്‍ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥിനിയായ തൃശൂര്‍ സ്വദേശിക്ക് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. അതേസമയം വിദ്യാര്‍ത്ഥിനിയുടെ പേരോ മറ്റു വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. കേന്ദ്രസര്‍ക്കാരാണ് രോഗബാധ ആദ്യം സ്ഥിരീകരിച്ചത്.

അതിനുശേഷം കേന്ദ്ര ആരോഗ്യ സെക്രട്ടറി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസ്ഥാന ചീഫ് സെക്രട്ടറി, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവരെ അറിയിച്ചു. തുടര്‍ന്ന് മന്ത്രി കെ.കെ. ശൈലജ മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തിയ ശേഷം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. വിദ്യാര്‍ത്ഥിനിയുടെ നില തൃപ്തികരമാണെന്നും ഭയപ്പെടാനില്ലെന്നും യോഗം വിലയിരുത്തി.

രാത്രി 11മണിക്ക് തൃശൂര്‍ മെഡിക്കല്‍ കോളേജിലെത്തിയ ആരോഗ്യമന്ത്രി ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തിയിരുന്നു. അതേസമയം ചൈനയില്‍ നിന്ന് എത്തിയ ശേഷം വിദ്യാര്‍ത്ഥിനി വീട്ടിലും പരിസരങ്ങളിലും ഇടപഴകിയവരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചു. രോഗലക്ഷണങ്ങള്‍ ഇല്ലെങ്കിലും ഇവര്‍ നിരീക്ഷണത്തിലായിരിക്കുമെന്നും കോറോണ സ്ഥിരീകരിച്ചതില്‍ പരിഭ്രാന്തി വേണ്ടെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

മാരകമായ നിപ്പ വൈറസിനെയും സര്‍വസംഹാരിയായ മഹാപ്രളയത്തെയും അതിജീവിച്ച കേരളം ഇതിനെയും മറികടക്കുമെന്ന ശുഭാപ്തി വിശ്വാസമാണ് അവര്‍ക്ക്. അതേസമയം, ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും വൈറസ് ബാധ സംശയിക്കുന്നവര്‍ കേന്ദ്ര പ്രോട്ടോക്കോള്‍ പ്രകാരമുള്ള ചികിത്സ തേടണമെന്നും മന്ത്രി ശൈലജ അറിയിച്ചു.

Comments are closed.