പൗരത്വഭേദഗതി നിയമത്തിനെതിരായി ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനത്തില്‍ മനുഷ്യഭൂപടം തീര്‍ത്ത് യു.ഡി.എഫ്

തിരുവനന്തപുരം: പൗരത്വഭേദഗതി നിയമത്തിനെതിരായി ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനത്തില്‍ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഇന്ത്യയുടെ മാതൃകാഭൂപടം തീര്‍ത്ത് ഭരണഘടനാ സംരക്ഷണ ദിനമായി ആചരിക്കുകയായിരുന്നു യു.ഡി.എഫ്. ഗാന്ധിജിക്ക് വെടിയേറ്റ സമയമായ വൈകിട്ട് 5.17 ന് ഭരണഘടനാ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊണ്ട് ആയിരക്കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുകളില്‍ കുങ്കുമം, നടുക്ക് വെള്ള, താഴെ പച്ച നിറത്തിലുള്ള തൊപ്പികളണിഞ്ഞ് കൈകളില്‍ ദേശീയപതാകയേന്തിയാണ് അണിനിരന്നത്.

പുത്തരിക്കണ്ടം മൈതാനത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ. ആന്റണിയുടെ നേതൃത്വത്തില്‍ യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ ബീമാപള്ളി റഷീദ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എം.പി മാരായ കെ.മുരളീധരന്‍, ശശി തരൂര്‍, അടൂര്‍ പ്രകാശ് തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു. അതേസമയം വയനാട്ടില്‍ രാഹുല്‍ ഗാന്ധി എം.പിയുടെ നേതൃത്വത്തില്‍ ലോംഗ് മാര്‍ച്ചാണ് നടന്നത്.

കൊല്ലത്ത് വി.എം.സുധീരന്‍, ജി. ദേവരാജന്‍, ആലപ്പുഴയില്‍ എം.എം.ഹസ്സന്‍, ജോണി നെല്ലൂര്‍, പത്തനംതിട്ടയില്‍ ഷിബു ബേബിജോണ്‍, കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ഇടുക്കിയില്‍ പി.ജെ.ജോസഫ്, എറണാകുളത്ത് ബെന്നി ബഹനാന്‍, പി.പി.തങ്കച്ചന്‍, തൃശ്ശൂരില്‍ ഡോ.എം.കെ.മുനീര്‍, പാലക്കാട്ട് കെ.ശങ്കരനാരായണന്‍, ജോണ്‍ ജോണ്‍, മലപ്പുറത്ത് ഹൈദരലി ശിഹാബ് തങ്ങള്‍, പി.കെ.കുഞ്ഞാലിക്കുട്ടി, കണ്ണൂരില്‍ രമേശ് ചെന്നിത്തല, കാസര്‍കോട്ട് യു.കെ.ഖാദര്‍ എന്നിവര്‍ നേതൃത്വം നല്‍കിയിരുന്നു.

Comments are closed.