Ultimate magazine theme for WordPress.

മോദിയുടെ ഇന്ത്യയില്‍ യുവാക്കള്‍ക്ക് ഭാവിയില്ലെന്ന് രാഹുല്‍ ഗാന്ധി എം.പി

കല്‍പ്പറ്റ: കല്‍പ്പറ്റയില്‍ ഭരണഘടനാ സംരക്ഷണ യാത്രയ്ക്ക് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്ന രാഹുല്‍ ഗാന്ധി എം.പി പ്രധാനമന്ത്രി നരേന്ദ്ര മോദിയും മഹാത്മാഗാന്ധിയെ വെടിവച്ചുകൊന്ന നാഥുറാം വിനായക് ഗോഡ്സെയും ഒരേ ആശയത്തിന്റെ വക്താക്കളാണെന്ന് ആരോപിക്കുകയായിരുന്നു.

ഇന്ത്യന്‍ മണ്ണില്‍ ജനിച്ച ഏതൊരാളും ഇന്ത്യക്കാരനാണ്. അതിന് മറ്റാരുടെയും സര്‍ട്ടിഫിക്കറ്റ് വേണ്ട. പൗരത്വം തെളിയിക്കണമെന്ന് പറയാന്‍ മോദിക്ക് ആരാണ് ലൈസന്‍സ് നല്‍കിയത് ?. രാജ്യത്തിന്റെ ആത്മാവായ ഭരണഘടനയെ തന്നെ പ്രധാനമന്ത്രി വെല്ലുവിളിക്കുകയാണ്. ജാതീയവും മതപരവുമായി ഭിന്നിപ്പിക്കാനുള്ള ശ്രമത്തെ ജനങ്ങള്‍ ചെറുത്തു തോല്പിക്കും.ഞാന്‍ ഒരു ഇന്ത്യക്കാരനാണ്. എനിക്ക് അത് ആരുടെ മുന്‍പിലും തെളിയിക്കേണ്ട ആവശ്യമില്ല. ഇന്ത്യയെ വിഭജിക്കുക, വെറുപ്പു പരത്തുക, ഇന്ത്യയെ കൊള്ളയടിക്കുക എന്നതു മാത്രമാണ് മോദിയുടെ ലക്ഷ്യം.

മോദിയുടെ ഇന്ത്യയില്‍ യുവാക്കള്‍ക്ക് ഭാവിയില്ല.കേന്ദ്ര സര്‍ക്കാരിന്റെ വികല സാമ്പത്തിക നയങ്ങള്‍ കാരണം രാജ്യത്ത് തൊഴിലില്ലായ്മ പെരുകുകയാണ്. വന്‍കിടക്കാരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഒട്ടെല്ലാ മേഖലകളും സ്വകാര്യവത്കരിക്കുകയാണ്. വെറുപ്പിന്റെ രാഷ്ട്രീയത്തെ സ്നേഹവും സഹവര്‍ത്തിത്വവും കൊണ്ട് നേരിടുമെന്നും രാഹുല്‍ വ്യക്തമാക്കി. കല്‍പ്പറ്റ എസ്.കെ.എം.ജെ ഹൈസ്‌കൂളില്‍ നിന്നാരംഭിച്ച മാര്‍ച്ചില്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരായ കെ.സി. വേണുഗോപാല്‍, പി.സി. വിഷ്ണുനാഥ്, മുന്‍ മന്ത്രിമാരയ പി.കെ. ജയലക്ഷ്മി, എ.പി.അനില്‍കുമാര്‍, മുസ്ലിം ലീഗ് നേതാവ് സാദിഖലി ശിഹാബ് തങ്ങള്‍, ഡി.സി.സി പ്രസിഡന്റ് ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ, യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ പി.പി.എ. കരിം എന്നിവര്‍ സംസാരിച്ചിരുന്നു.

Comments are closed.