ബജറ്റ് സമ്മേളനത്തിനു മുന്നോടിയായുള്ള രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തില്‍ പ്രതിപക്ഷ പ്രതിഷേധം

ന്യുഡല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിനു മുന്നോടിയായുള്ള രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തില്‍ പൗരത്വ നിയമ ഭേദഗതിയെ കുറിച്ചുള്ള പ്രസംഗത്തിലെ പരാമര്‍ശം പ്രതിപക്ഷ പ്രതിഷേധത്തിന് ഇടയാക്കി. വിഭജനത്തിനു ശേഷം പാകിസ്താനില്‍ പെട്ടുപോയ ഹിന്ദുക്കള്‍ക്കും സിഖുകാര്‍ക്കും അവിടെനിന്ന് ഇന്ത്യയിലേക്ക് മടങ്ങാന്‍ കഴിയണമെന്നത് രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ ആഗ്രഹമായിരുന്നു. അവര്‍ക്ക് സ്വാഭാവിക ജീവിതം നല്‍കുക എന്നത് ഇന്ത്യ സര്‍ക്കാരിന്റെ കടമയാണ്.

രാഷ്ട്രശില്പികളുടെ ആ സ്വപ്നം സാക്ഷാത്കരിക്കാര്‍ പൗരത്വ നിയമ ഭേദഗതി പാസാക്കാന്‍ പാര്‍ലമെന്റിന്റെ ഇരുസഭകള്‍ക്കും കഴിഞ്ഞുവെന്നതില്‍ തനിക്ക് സന്തോഷമുണ്ടെന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ പ്രസംഗമാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിന് കാരണമായത്. കൂടാതെ വര്‍ഷങ്ങളായി ന്യൂനപക്ഷങ്ങള്‍ പാകിസ്താനില്‍ അടിച്ചമര്‍ത്തല്‍ നേരിടുകയാണ്. അടുത്തകാലത്ത് നങ്കണ സാഹിബിന്റെ സംഭവം തെളിവാണ്. പാകിസ്താനില്‍ എന്താണ് നടക്കുന്നതെന്ന് ലോകത്തെ അറിയിക്കേണ്ട ചുമതല നമ്മുക്കുണ്ട് പാകിസ്താനില്‍ ന്യുനപക്ഷങ്ങളെ അടിച്ചമര്‍ത്തുന്നതില്‍ തനിക്ക് ആശങ്കയുണ്ട്.

രാജ്യാന്തര സമൂഹം അതിലേക്ക് ശ്രദ്ധതിരിക്കണം. സി.എ.എ നടപ്പാകുന്നതോടെ രാജ്യത്തിന്റെ വടക്കുകിഴക്കന്‍ മേഖലയില്‍ ജീവിക്കുന്നവരുടെ സാംസ്‌കരവും സംരക്ഷിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു. തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി, കേന്ദ്രമന്ത്രിമാര്‍ എന്നിവര്‍ അടങ്ങുന്ന ട്രഷറി ബെഞ്ച് കയ്യടിച്ച് സ്വീകരിക്കുകയായിരുന്നു. കൂടാതെ രാജ്യത്തിന്റെ ഒരു ഭാഗവും ഉപേക്ഷിക്കപ്പെടാനുള്ളതല്ല. അനുഛേദം 370 ഉം 35എ യും റദ്ദാക്കിയ നടപടിയും ചരിത്രപരമാണ്.

അത് ജമ്മു കശ്മീരിലും ലഡാക്കിലും വികസനം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. കര്‍താര്‍പൂര്‍ സാഹിബ് ഇടനാഴി തന്റെ സര്‍ക്കാര്‍ റെക്കോര്‍ഡ് സമയത്താണ് പൂര്‍ത്തിയാക്കിയത്. ജനാധിപത്യം കൂടുതല്‍ ശക്തിപ്പെടുത്തുന്നതില്‍ ചര്‍ച്ചകളും സംവാദങ്ങളും പങ്കുവയ്ക്കുമെന്ന് തന്റെ സര്‍ക്കാരിന് വ്യക്തതയുണ്ട്. ആയുഷ്മാന്‍ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 50 കോടി ജനങ്ങള്‍ക്കാണ് സൗജന്യ ചികിത്സ നല്‍കുന്നത്. 24 കോടി ജനങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചുകഴിഞ്ഞു. 2.5 കോടി ജനങ്ങള്‍ക്ക് സൗജന്യ വൈദ്യുതി കണക്ഷന്‍ ലഭിച്ചു. അങ്ങേയറ്റം സുതാര്യമായും പക്ഷഭേദം ഇല്ലാതെയുമാണ് ഇത് നടപ്പാക്കിയത്. അതിനാല്‍ പ്രതിഷേധത്തിന്റെ പേരില്‍ സമൂഹത്തില്‍ നടക്കുന്ന ഏതൊരു അതിക്രമവും രാജ്യത്തെ ദുര്‍ബലപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

Comments are closed.