സോയി ഇലക്ട്രിക്കിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് റെനോ
സോയി ഇലക്ട്രിക്കിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് വ്യക്തമാക്കി ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോ. നേരത്തെ വാഹനത്തെ വിപണിയില്‍ അവതരിപ്പിച്ചേക്കും എന്ന സൂചനകള്‍ പുറത്തു വന്നിരുന്നു.
ഇതിന് പിന്നാലെയാണ് ഇപ്പോള്‍ റെനോ തന്നെ ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന ഓട്ടോ എക്സ്പോയില്‍ റെനോയുടെ മറ്റ് മോഡലുകള്‍ക്ക് ഒപ്പം സോയി ഇലക്ട്രിക്കും സ്ഥാനം പിടിക്കും. 2021 -ഓടെ വാഹനത്തെ വിപണിയില്‍ അവതരിപ്പിക്കുകയും ചെയ്യുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഫ്ലോറില്‍ സജ്ജീകരിച്ചിരിക്കുന്ന ബാറ്ററി പാക്കിന്, കൂടുതല്‍ സംരക്ഷണം ലഭിക്കുന്ന വിധം മാറ്റങ്ങള്‍ ഇന്ത്യയിലെത്തുമ്പോള്‍ സോയിക്ക് ലഭിക്കും. കൂടുതല്‍ വലിപ്പമുള്ള സ്പീഡ് ബ്രെക്കറുകളുള്ള ഇന്ത്യന്‍ റോഡ് സാഹചര്യങ്ങളില്‍, അണ്ടര്‍ബോഡിക്ക് അധിക പരിരക്ഷയും അനിവാര്യമാണ്.
വാഹനം സംബന്ധിച്ചോ, ബാറ്ററി സംബന്ധിച്ചോ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും 41 kW ബാറ്ററിയാകും വാഹനത്തിന്റെ കരുത്ത്. ഈ ബാറ്ററി 90 bhp കരുത്തും സൃഷ്ടിക്കും. ഒറ്റ ചാര്‍ജില്‍ 300-350 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ സോയിക്ക് സാധിക്കും.
3.9 സെക്കന്‍ഡുകള്‍ മാത്രം മതി പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍. 2012 ജനീവ മോട്ടോര്‍ ഷോയിലാണ് ആദ്യമായി വാഹനത്തെ കമ്പനി അവതരിപ്പിച്ചത്. അതേ വര്‍ഷം തന്നെ പാരീസ് മോട്ടോര്‍ ഷോയിലും വാഹനം ഇടംപിടിച്ചു.
കഴിഞ്ഞ വര്‍ഷം വാഹനത്തിന്റെ ഫെയ്സ്ലിഫ്റ്റ് പതിപ്പിനെ കമ്പനി അന്താരാഷ്ട്ര വിപണിയില്‍ അവതരിപ്പിച്ചു. 4,087 mm നീളം, 1,787 mm വീതി, 1,562 mm ഉയരവുമുണ്ട് വാഹനത്തിന്. 2,588 mm ആണ് വീല്‍ബേസ്.
എല്‍ഇഡി ഹെഡ്ലാമ്പുകളും, C -ആകൃതിയിലുള്ള എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകളും, ഫ്ലൂയിഡിക് ലുക്കും വാഹനത്തിന്റെ മുന്നിലെ സവിശേഷതകളാണ്. 17 ഇഞ്ച് ഡയ്മണ്ട് കട്ട് അലോയി വീലുകള്‍ വശങ്ങളെ മനോഹരമാക്കും. പിന്നിലെ ടെയില്‍ ലാമ്പുകളും എല്‍ഇഡിയാണ്.
9.3 ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിറ്റം, ഈസി ലിങ്ക് മള്‍ട്ടിമീഡിയ സിസ്റ്റം, 10.0 ഇഞ്ച് പൂര്‍ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, വയര്‍ലെസ് സ്മാര്‍ട്ട്ഫോണ്‍ ചാര്‍ജര്‍, ലെതര്‍ അപ്ഹോള്‍സ്റ്ററി, ഇലക്ട്രിക്ക് പാര്‍ക്കിങ് ബ്രേക്ക് എന്നിവയാണ് അകത്തളത്തെ മനോഹരമാക്കുന്നത്.
കുഞ്ഞന്‍ കാറാണെങ്കിലും 14 ലക്ഷം രൂപ മുതല്‍ 16 ലക്ഷം രൂപ വരെ വാഹനത്തിന് വില പ്രതീക്ഷിക്കാം. അധികം വൈകാതെ തന്നെ ക്വിഡ് ഇലക്ട്രിക്കും ഇന്ത്യന്‍ വിപണിയില്‍ ഇടംപിടിച്ചേക്കും. ക്വിഡിന്റെ ഇലക്ട്രിക്ക് പതിപ്പിനെ കഴിഞ്ഞ വര്‍ഷം കമ്പനി ചൈനയില്‍ അവതരിപ്പിച്ചിരുന്നു.
Comments are closed.