നിര്‍ഭയ കേസില്‍ മരണവാറണ്ട് സ്റ്റേ ചെയ്തുകൊണ്ട് അഡിഷണല്‍ സെഷന്‍സ് ജഡ്ജ് ധര്‍മേന്ദ്ര റാണ ഉത്തരവിട്ടു

ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികളുടെ മരണവാറണ്ട് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ നല്‍കിയ ഹര്‍ജിയില്‍ വധശിക്ഷ ഇനിയൊരു ഉത്തരവുണ്ടാകുംവരെ ഡല്‍ഹി പട്യാല കോടതി മരവിപ്പിച്ചതായി അഡിഷണല്‍ സെഷന്‍സ് ജഡ്ജ് ധര്‍മേന്ദ്ര റാണ ഉത്തരവിട്ടു. നാല് പ്രതികളില്‍ ഒരാളായ മുകേഷ് സിംഗ് ഒഴികെ മറ്റു മൂന്ന് പേര്‍ക്കും ഇനിയും രക്ഷപ്പെടാനുള്ള നിയമ വഴികളുണ്ടെന്നതായിരുന്നു പ്രതികളുടെ അഭിഭാഷകന്റെ പ്രധാന വാദം.

വിനയ് ശര്‍മ ദയാഹര്‍ജി നല്‍കിയിരിക്കയാല്‍ അതില്‍ തീരുമാനമുണ്ടായി 14 ദിവസത്തിനുശേഷം മാത്രമേ വധശിക്ഷ നടപ്പിലാക്കാന്‍ പാടുള്ളൂവെന്നതാണ് നിയമം. തുടര്‍ന്ന് ഇത് കണക്കിലെടുത്ത് മരണ വാറണ്ട് സ്റ്റേ ചെയ്യണമെന്നുള്ള ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.

അതേസമയം വധശിക്ഷ നീണ്ടുപോകാന്‍ സാദ്ധ്യതയുള്ളതിനാല്‍ നിലവില്‍ രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കിയിട്ടുള്ള വിനയ് ശര്‍മ ഒഴികെ മൂന്ന് പ്രതികളെ ഇന്ന് തൂക്കിലേറ്റണമെന്ന് പ്രോസിക്യൂട്ടര്‍ ഇര്‍ഫാന്‍ അഹമ്മദ് വാദിച്ചെങ്കിലും ഒരേ സമയത്ത് ചെയ്ത സമാന സ്വഭാവമുള്ള തെറ്റിന് ഒരുമിച്ച് ശിക്ഷ നല്‍കിയാല്‍ മതിയെന്ന സുപ്രീംകോടതി വിധി പട്യാല കോടതി കണക്കിലെടുക്കുകയായിരുന്നു. തുടര്‍ന്ന് പ്രതികള്‍ നിയമത്തെ പരിഹസിക്കാനാണ് ശ്രമിക്കുന്നതെന്ന് പ്രോസിക്യൂട്ടര്‍ പറഞ്ഞു.

നാല് പ്രതികളുടെയും വധശിക്ഷ ഇന്ന് നടപ്പിലാക്കാനിരിക്കെയാണ് അതു തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവുണ്ടായത്. കേസിലെ പ്രതികളില്‍ ഒരാളായ മുകേഷ് സിംഗിന് മാത്രമാണ് ദയാഹര്‍ജി അടക്കം എല്ലാ നിയമവഴികളും ഇല്ലാതായത്. പവന്‍ കുമാര്‍ ഗുപ്തയും അക്ഷയ് ഠാക്കൂറും ഇതുവരെ രാഷ്ട്രപതിക്ക് ദയാഹര്‍ജി സമര്‍പ്പിച്ചിട്ടില്ല. പവന്‍കുമാര്‍ ഗുപ്ത തിരുത്തല്‍ ഹര്‍ജി നല്‍കുമെന്ന് അഭിഭാഷകന്‍ വ്യക്തമാക്കി.

Comments are closed.