അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരായ സാക്ഷി വിസ്താരത്തിന് റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ അനുമതി നിഷേധിച്ചു

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരായ സാക്ഷി വിസ്താരത്തിന് റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ അനുമതി നിഷേധിച്ചു. നാല്‍പ്പത്തി ഒമ്പതിനെതിരെ 51 വോട്ടുകള്‍ക്കാണ് ഡെമോക്രാറ്റുകളുടെ ആവശ്യം നിഷേധിച്ചത്. അമേരിക്കയുടെ ചരിത്രത്തിലാദ്യമായാണ് ഒരു ഇംപീച്ച്‌മെന്റ് സാക്ഷിവിസ്താരമില്ലാതെ നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട രേഖകളും വിളിച്ച് വരുത്തുകയോ പരിശോധിക്കുകയോ വേണ്ടെന്നും വോട്ടെടുപ്പിലൂടെ തീരുമാനമാവുകയായിരുന്നു.

അടുത്ത തെരഞ്ഞെടുപ്പില്‍ തന്റെ എതിരാളിയായ ജോ ബൈഡനും അദ്ദേഹത്തിന്റെ മകനുമെതിരായ അന്വേഷണം നടത്താനും കുറ്റം ചുമത്താനും ട്രംപ് യുക്രൈന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും അത് നടപ്പാക്കിക്കിട്ടാനായി സൈനിക സഹായം ഉള്‍പ്പടെ തടഞ്ഞു വച്ചുവെന്നുമാണ് പ്രസിഡന്റിനെതിരായ ആരോപണം ഉന്നയിച്ചിരുന്നത്. ഉക്രൈനിയന്‍ ഊര്‍ജ കമ്പനിയായ ബുരിസ്മയുടെ ഉടമകളിലൊരാളായിരുന്നു ജോ ബൈഡന്‍.

ഇവര്‍ക്കെതിരെയുണ്ടായിരുന്ന ഒരു അഴിമതിക്കേസ് അന്വേഷിക്കണമെന്നും, പരമാവധി കുറ്റം ചുമത്താന്‍ ശ്രമിക്കണമെന്നും ഉക്രൈനോട് ട്രംപ് നിര്‍ബന്ധം പിടിച്ചുവെന്ന തരത്തില്‍ ഫോണ്‍ ശബ്ദരേഖയടക്കം പുറത്തെത്തിയിരുന്നു. അതേസമയം സാക്ഷിവിസ്താരമില്ലാതെ നടക്കുന്ന ഈ ഇംപീച്ച്‌മെന്റ് വെറും പ്രഹസനമാണെന്നും റിപ്പബ്ലിക്കന്‍ ജനപ്രതിനിധികള്‍ പ്രസിഡന്റിന്റെ അധികാരദുര്‍വിനിയോഗം മറച്ചുപിടിക്കാന്‍ കൂട്ടുനില്‍ക്കുകയാണെന്നും ഇത് ഗുരുതരമായ കുറ്റകൃത്യമാണെന്നും യുഎസ് ജനപ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസി കുറ്റപ്പെടുത്തി.

തിങ്കളാഴ്ച ഇംപീച്ച്‌മെന്റുമായി ബന്ധപ്പെട്ട വാദങ്ങള്‍ യുഎസ് സെനറ്റില്‍ അവസാനിപ്പിക്കും. അതിന് ശേഷം ബുധനാഴ്ചയാകും ട്രംപിനെ ഇംപീച്ച് ചെയ്യണോ, അതോ കുറ്റവിമുക്തനാക്കണോ എന്ന് തീരുമാനിക്കാനുള്ള അന്തിമവോട്ടെടുപ്പ്. എന്നാല്‍ സാക്ഷിവിസ്താരം വേണ്ടെന്നും, രേഖകള്‍ പരിശോധിക്കേണ്ടെന്നും തീരുമാനമായതോടെ, ഇനി അന്തിമവോട്ടെടുപ്പിന് വലിയ പ്രസക്തിയില്ല. ട്രംപിനെ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രമേയം യുഎസ് സെനറ്റില്‍ സമര്‍പ്പിച്ചുകഴിഞ്ഞു. ഇത് പാസ്സാകാന്‍ തന്നെയാണ് സാധ്യതയുള്ളത്.

Comments are closed.