മിശ്രവിവാഹ ദമ്പതികള്‍ക്ക് താമസിക്കുന്നതിനായി സേഫ് ഹോമുകളുടെ പ്രവര്‍ത്തനം മാര്‍ച്ചില്‍ തുടങ്ങും

പത്തനംതിട്ട : മിശ്രവിവാഹം കഴിച്ചു എന്നതിന്റെ പേരില്‍ വീട്ടില്‍ നിന്നോ സമൂഹത്തില്‍ നിന്നോ അവഗണനയും പരിഹാസവും നേരിടേണ്ടി വരുന്നവര്‍ക്ക് സംരക്ഷണം ഒരുക്കുന്നതിനായി സാമൂഹിത നീതി വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ഉടനീളം തുടങ്ങുന്ന സേഫ് ഹോമുകളുടെ പ്രവര്‍ത്തനം മാര്‍ച്ചില്‍ തുടങ്ങും.

ബന്ധുക്കളും സമൂഹവും ഒറ്റപ്പെടുത്തിയതോ മറ്റ് സാമൂഹ്യ പ്രശ്നങ്ങള്‍ നേരിടുന്നതോ ആയ മിശ്രവിവാഹ ദമ്പതികള്‍ക്ക് താമസിക്കുന്നതിനായി എന്‍ജിഒകളുടെ സഹായത്തോടെയാണ് സേഫ് ഹോമുകള്‍ തുടങ്ങുന്നത്. മിശ്രവിവാഹത്തിന്റെ പേരില്‍ സ്വന്തം സമുദായത്തില്‍ നിന്നും ബന്ധുക്കളില്‍ നിന്നുമുള്ള അവഗണനയും അകല്‍ച്ചയുമാണ് അവര്‍ക്ക് നേരിടേണ്ടി വരുന്നത്.

എന്‍ജിഒകള്‍ക്കാണ് നടത്തിപ്പെങ്കിലും സര്‍ക്കാര്‍ ധനസഹായം ഉപയോഗിച്ചായിരിക്കും ഹോമുകളുടെ പ്രവര്‍ത്തനം നടക്കുക. മിശ്രവിവാഹിതരായ ദമ്പതിമാരുടെ ജീവിത സാഹചര്യവും വീട്ടിലെ സാഹചര്യവും സാമൂഹ്യനീതി വകുപ്പ് ചുമതലപ്പെടുത്തുന്ന കമ്മറ്റി പരിശോധിച്ച് ഒരു ഹോമില്‍ 10 ദമ്പതിമാരെയാകും താമസിപ്പിക്കുക.

ഇവര്‍ക്ക് ഒരു വര്‍ഷം ഹോമില്‍ താമസിക്കാം. ഈ കാലയളവില്‍ ഭക്ഷണം ഉള്‍പ്പെടെ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ലഭിക്കുന്നതാണ്. ജീവിത സാഹചര്യം വളരെ മോശമായ ദമ്പതിമാര്‍ക്ക് അവരുടെ വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ചുള്ള തൊഴില്‍ പരിശീലനവും ഹോമുകളില്‍ ലഭ്യമാകും.

Comments are closed.