ലെക്സസ് LC 500h ഹൈബ്രിഡ് ഇലക്ട്രിക്ക് മോഡലിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു
ആഢംബര വാഹന നിര്‍മ്മാതാക്കളായ ലെക്സസ്, LC 500h ഹൈബ്രിഡ് ഇലക്ട്രിക്ക് മോഡലിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 1.96 കോടി രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറും വില.
2017 -ല്‍ ആഗോള വിപണിയിലെത്തിയ LC 500h-നെ ലെക്സസ് 68-ഓളം വിപണികളില്‍ വില്‍ക്കുന്നുണ്ട്. ഇന്ത്യ 69-മത് വിപണിയാണെന്നും കമ്പനി അറിയിച്ചു. മെയ്ഡ് ഇന്‍ ഇന്ത്യ ലെക്സസ് ES300 h, NX 300h മോഡലുകളെയും അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. 51.90 ലക്ഷം മുതല്‍ 60.60 ലക്ഷം രൂപ വരെയാകും ഈ മോഡലുകളുടെ വില.
ലെക്സസ് വാഹനങ്ങളുടെ മുഖമുദ്രയായ സ്പിന്‍ഡില്‍ ഗ്രില്‍, L ആകൃതിയിലുള്ള ഡേ ടൈം റണ്ണിങ് ലാമ്പുകളോടുകൂടിയ എല്‍ഇഡി ഹെഡ്ലാമ്പുകള്‍, എല്‍ഇഡി ടെയില്‍ലാമ്പുകള്‍ എന്നിവയാണ് വാഹനത്തിന്റെ സവിശേഷതകള്‍. രണ്ട് ഡോര്‍ ഗ്രാന്‍ഡ് ട്യൂറര്‍ ആണ് LC 500h.
സ്പോര്‍ട്സ് കാറുകള്‍ക്ക് സമാനമായ ബോഡി ലൈനുകളും, 21 ഇഞ്ച് അലോയ് വീലുകള്‍, കറുപ്പില്‍ പൊതിഞ്ഞ C -പില്ലറുകള്‍ എന്നിവയാണ് വാഹനത്തിലെ മറ്റ് ആകര്ഷണങ്ങള്. എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, ഡ്യുവല്‍ എക്സ്ഹോസ്റ്റുകള്‍, റിയര്‍ ഡിഫ്യൂസര്‍ എന്നിവ ഉള്‍ക്കൊള്ളുന്ന പിന്‍ഭാഗത്തേക്ക് നീളമുള്ള ബോണറ്റും വാഹനത്തിന്റെ സവിശേഷതയാണ്.
ഗിയര്‍ ലിവറിനോട് ചേര്‍ന്നുള്ള ടച് പാഡ് വഴി നിയന്ത്രിക്കാവുന്ന 10.3 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോള്, 10 രീതിയില്‍ ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ് എന്നിവയാണ് അകത്തളത്തിലെ പ്രധാന ഫീച്ചറുകള്‍.
295 bhp കരുത്തും ഉത്പാദിപ്പിക്കുന്ന 3.5-ലിറ്റര്‍ V6 പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന്റെ കരുത്ത്. ഇതിനൊപ്പം തന്നെ 110 kW ഇലക്ട്രിക്ക് മോട്ടോറും വാഹനത്തില്‍ കമ്പനി നല്‍കിയിട്ടുണ്ട്. ഈ ഇലക്ട്രിക്ക് മോട്ടോര്‍ 335 bhp കരുത്തും 350 Nm torque ഉം ഉത്പാദിപ്പിക്കും.
മൂന്ന് സ്റ്റെപ് CVT, നാല് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ എന്നിവ ചേര്‍ന്ന വ്യത്യസ്തമായ പത്ത് സ്പീഡ് ഓട്ടോമാറ്റിക്ക് യൂണിറ്റാണ് വാഹനത്തിന്റെ ട്രാന്സ്മിഷന്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ 4.7 സെക്കന്റുകള്‍ മാത്രം മതി വാഹനത്തിന്.
സുരക്ഷയുടെ കാര്യത്തിലും വാഹനം പിന്നിലല്ല. പത്ത് എയര്‍ബാഗുകള്‍, ബ്ലൈന്‍ഡ് സ്പോട്ട് മോണിറ്റര്‍, ക്രോസ് ട്രാഫിക് അലേര്‍ട്ട് സിസ്റ്റം, ഏത് വേഗതയിലും പ്രവര്‍ത്തിക്കുന്ന ലെക്സസിന്റെ അഡാപ്റ്റീവ് ക്രൂയിസ് കണ്ട്രോള് സിസ്റ്റം, അഡാപ്റ്റീവ് ഹെഡ്ലൈറ്റുകള്, ലെയ്ന്‍ അസിസ്റ്റ്, തുടങ്ങി നിരവധി സുരക്ഷാ സന്നാഹങ്ങളാണ് വാഹനത്തില്‍ ഒരുങ്ങിയിരിക്കുന്നത്.
LC 500, LC 500h, LC ഇന്സ്പിരേഷന് സീരീസ് എന്നിങ്ങനെ മൂന്ന് വകഭേദങ്ങളില്‍ വാഹനം ആഗോള വിപണിയില്‍ ലഭ്യമാകുമ്പോള്‍ ഇന്ത്യയില്‍ ഹൈബ്രിഡ് എന്ജിന് ഉള്ള LC 500h മാത്രമാണ് ലെക്സസ് അവതരിപ്പിച്ചിരിക്കുന്നത്. GA-L ഗ്ലോബല്‍ പ്ലാറ്റ്ഫോമിലാണ് ലെക്സസ് LC500 h നിര്‍മ്മിച്ചിരിക്കുന്നത്.
സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന് വാഹനത്തിന്റെ പ്രധാന സ്ഥലങ്ങളില്‍ സ്റ്റീല്‍, അലുമിനിയം, കാര്‍ബണ്‍ ഫൈബര്‍ എന്നിവയും കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്. വാഹനത്തിന് വിപണിയില്‍ നേരിട്ടുള്ള എതിരാളികളൊന്നുമില്ലെന്നാണ് റിപ്പോർട്ട്. ജാഗ്വര്‍ F-ടൈപ്പ്, മെഴ്സിഡീസ്-AMG S63 കൂപ്പെ എന്നിവരാകും എതിരാളികള്‍.
Comments are closed.