വീടിനുള്ളിലേക്കു ലോറി നിയന്ത്രണംവിട്ടു പാഞ്ഞുകയറി ഉറങ്ങിക്കിടന്ന വീട്ടമ്മയ്ക്കു ദാരുണാന്ത്യം

കുട്ടനാട്: ആലപ്പുഴ- ചങ്ങനാശേരി റോഡില്‍ മങ്കൊമ്പില്‍ രാത്രി വീടിനുള്ളിലേക്കു ലോറി നിയന്ത്രണംവിട്ടു പാഞ്ഞുകയറി ഉറങ്ങിക്കിടന്ന വീട്ടമ്മ മരിച്ചു. ചമ്പക്കുളം മങ്കൊമ്പ് തെക്കേക്കര പതിനെട്ടില്‍ചിറ പരേതനായ പുഷ്‌കരന്റെ ഭാര്യ രാജമ്മ (68)യാണു മരിച്ചത്. ഇന്നലെ പുലര്‍ച്ചെ മൂന്നോടെ കാലിച്ചാക്കുകെട്ടുമായി വന്ന മലപ്പുറം രജിസ്ട്രേഷനിലുള്ള ലോറിയാണ് അപകടമുണ്ടാക്കിയത്.

നിയന്ത്രണംവിട്ട ലോറി റോഡരികിലെ വൈദ്യുതി പോസ്റ്റ് ഇടിച്ചു തകര്‍ത്തശേഷം വീട്ടിലേക്കു പാഞ്ഞുകയറി. മുന്‍ഭാഗത്തെ മുറിയില്‍ ഉറങ്ങുകയായിരുന്ന രാജമ്മയുടെ മുകളിലേക്കു ഭിത്തിയും മേല്‍ക്കൂരയും ഇടിഞ്ഞുവീഴുകയായിരുന്നു. അതേസമയം പിന്‍ഭാഗത്തെ മുറിയിലായിരുന്ന രാജമ്മയുടെ ഇളയമകന്‍ ബിജുവിന്റെ ഭാര്യയും കുട്ടികളും പരുക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.

ശബ്ദംകേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്നു രാജമ്മയെ പുറത്തെടുത്ത് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഷാജി, പരേതനായ അജി എന്നിവരാണ് മറ്റു മക്കള്‍. അതേസമയം ഡ്രൈവര്‍ ഉറങ്ങിയതാകാം അപകടകാരണമെന്നാണ് കരുതുന്നത്. എന്നാല്‍ അപകടശേഷം ഡ്രൈവര്‍ ഓടിരക്ഷപ്പെടുകയായിരുന്നു.

Comments are closed.