കേരളത്തില്‍ വീണ്ടും ചൈനയില്‍ നിന്നും മടങ്ങി എത്തിയ ഒരാള്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

കേരളത്തില്‍ വീണ്ടും ചൈനയില്‍ നിന്നും മടങ്ങി എത്തിയ ഒരാള്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കൂടാതെ ഇദ്ദേഹം ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയില്‍ ആണെന്നും ആശങ്കപ്പെടേണ്ട അവസ്ഥ ഇല്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. അതേസമയം എവിടെയുള്ള ആള്‍ക്കാണ് കൊറോണ വൈറസ് ബാധിച്ചിരിക്കുന്നത് എന്നത് സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമല്ല.

എന്നാല്‍ ചൈനയില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥിനി തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ഐസോലേഷന്‍ വാര്‍ഡിലാണ് ചികിത്സയില്‍ കഴിയുന്നത്. അതേസമയം പരിശോധനയ്ക്കായി അയച്ച പെണ്‍കുട്ടിയുടെ രണ്ടാമത്തെ സാമ്പിളിന്റെ ഫലം ലഭ്യമായിട്ടില്ലെന്നും വിദ്യാര്‍ത്ഥിനിയുടെ ആരോഗ്യ നില തൃപ്തികരമെന്നും ആരോഗ്യമന്ത്രി കെ.കെ.ശൈലജ ഇന്നലെ അറിയിച്ചു. സംസ്ഥാനത്ത് 1793 പേരും എന്നാല്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച 22 പേരാണ് നിലവില്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്.

കൊറോണ സ്ഥിരകീരിച്ച പെണ്‍കുട്ടിയുമായി ഇടപഴകിയ കൂടുതല്‍ പേരുടെ പട്ടിക ആരോഗ്യവകുപ്പ് പരിശോധിച്ച് വരികയാണ്. ഇതിനിടെ ചൈനയില്‍ നിന്നെത്തിയ മറ്റൊരു വിദ്യാര്‍ത്ഥിനിയെ കരുതല്‍ നടപടിയുടെ ഭാഗമായി പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. ഈ വിദ്യാര്‍ത്ഥിയുടെ സാമ്പിള്‍ പൂനെയില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ചൈനയിലെ സിംഗ്ജിയാംഗില്‍ നിന്നുള്ള 12 മലയാളി വിദ്യാര്‍ത്ഥികള്‍ നാട്ടിലെത്തി.

Comments are closed.