ഹെക്ടറിന്റെ ബിഎസ് VI പെട്രോള്‍ പതിപ്പിനെ വിപണിയില്‍ അവതരിപ്പിച്ച് എംജി

ഹെക്ടറിന്റെ ബിഎസ് VI പെട്രോള്‍ പതിപ്പിനെ വിപണിയില്‍ അവതരിപ്പിച്ച് എംജി. 12.74 ലക്ഷം രൂപയാണ് പുതിയ പതിപ്പിന്റെ എക്‌സ്‌ഷോറും വില. പഴയ ബിഎസ് IV പതിപ്പില്‍ നിന്നും 26,000 രൂപയുടെ വര്‍ധനവാണ് പുതിയ പതിപ്പില്‍ ഉണ്ടായിരിക്കുന്നത്. സ്റ്റാന്‍ഡേര്‍ഡ് പതിപ്പിനൊപ്പം പെട്രോള്‍ ഹൈബ്രിഡ് പതിപ്പും ഇതിനൊപ്പം ലഭ്യമാണ്.

സ്റ്റാന്റേര്‍ഡ് പതിപ്പിനെക്കാള്‍ 12 ശതമാനം അധിക ഇന്ധനക്ഷമത നല്‍കുന്നതായിരിക്കും പെട്രോള്‍ ഹൈബ്രിഡ്. 48V ശേഷിയുള്ള വൈദ്യുത മോട്ടോറാണ് ഹൈബ്രിഡ് പതിപ്പില്‍ എംജി ഉപയോഗിക്കുന്നത്. ബിഎസ് VI നിലവാരത്തിലേക്ക് നവീകരിച്ച 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് ഹെക്ടറിന് കരുത്തേകുന്നത്.

ഈ എഞ്ചിന്‍ 143 bhp കരുത്തും 250 Nm torque ഉം സൃഷ്ടിക്കും. ബിഎസ് IV എഞ്ചിനും ഇതേ കരുത്തും ടോര്‍ഖും തന്നെയാണ് സൃഷ്ടിച്ചിരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആറ് സ്പീഡ് മാനുവലാണ് ഗിയര്‍ബോക്‌സ്. ഇതേസമയം ഓട്ടോമാറ്റിക് ആഗ്രഹിക്കുന്നവര്‍ക്കായി പെട്രോള്‍ പതിപ്പില്‍ ഏഴു സ്പീഡ് ഡ്യുവല്‍ ക്ലച്ച് (DCT) ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും വാഗ്ദാനം ചെയ്യുന്നു.

ബിഎസ് IV ഡീസല്‍ എഞ്ചിന്‍ കമ്പനി നവീകരിച്ചിട്ടില്ല. 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോ ഡീസല്‍ യൂണിറ്റ് 168 bhp കരുത്തും 350 Nm torque ഉം സൃഷ്ടിക്കും. ആറ് സ്പീഡ് മാനുവലാണ് ഗിയര്‍ബോക്‌സ്. ഹെക്ടറിന്റെ എതിരാളികളായ ജീപ്പ് കോമ്പസിലും, ടാറ്റ ഹാരിയറിലും ഇതേ ഡീസല്‍ എഞ്ചിന്‍ തന്നെയാണ് കരുത്ത് നല്‍കുന്നത്.

എഞ്ചിന്‍ നവീകരിച്ചു എന്നതൊഴിച്ചാല്‍ വാഹനത്തിന്റെ ഫീച്ചറിലോ, ഡിസൈനിലോ കമ്പനി മാറ്റങ്ങള്‍ ഒന്നും തന്നെ നല്‍കിയിട്ടില്ല. രാജ്യത്തെ ആദ്യ ഇന്റര്‍നെറ്റ് എസ്‌യുവി എന്ന് പേരിലാണ് വാഹനം വിപണിയില്‍ എത്തുന്നത്. മൈക്രോസോഫ്റ്റ്, അഡോബി, സാപ്, സിസ്‌കോ തുടങ്ങിയ ടെക്‌നോളജി കമ്പനികളുടെ പിന്തുണയോടെ ‘ഐ-സ്മാര്‍ട്’ സാങ്കേതിക വിദ്യയും വാഹനത്തിന്റെ മറ്റൊരു പ്രത്യേകതയാണ്.

സ്‌റ്റൈല്‍, സൂപ്പര്‍, സ്മാര്‍ട്ട്, ഷാര്‍പ്പ് എന്നീ നാല് വകഭേദങ്ങളിലാണ് ഹെക്ടറിനെ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ടാറ്റ ഹാരിയര്‍, മഹീന്ദ്ര XUV500, ജീപ്പ് കോമ്പസ് എന്നീ മോഡലുകളാണ് ഹെക്ടറിന്റെ വിപണിയിലെ പ്രധാന എതിരാളികള്‍.

ക്രോം ഘടകങ്ങളോടുകൂടിയ ഗ്രില്‍, എല്‍ഇഡി പ്രൊജക്ട ഹെഡ്‌ലാമ്പുകള്‍, ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, ബമ്പറിന് താഴെയായി എയര്‍ ഇന്‍ടെയ്ക്കുകളുമാണ് മുന്‍വശത്തെ മനോഹരമാക്കുന്നത്. 17 ഇഞ്ച് അലോയി വീലുകള്‍, ചതുരാകൃതിയിലുള്ള വീല്‍ ആര്‍ച്ചുകള്‍ എന്നിവയാണ് വശങ്ങളെ മനോഹരമാക്കുന്നത്.

പ്രീമിയം പകിട്ടു നല്‍കുന്നതിനായി ഡയനാമിക് ഇന്‍ഡിക്കേറ്ററുകളാണ് പിന്നില്‍ നല്‍കിയിരിക്കുന്നത്. എല്‍ഇഡി ടെയില്‍ലാമ്പുകള്‍, ബംമ്പറില്‍ ഇടംപിടിച്ചിരിക്കുന്ന റിഫ്‌ളക്ടറുകളും, ഫോഗ്‌ലാമ്പുകളുമാണ് പിന്‍ വശത്തെ മനോഹരമാക്കുന്നത്.’

പൂര്‍ണമായും ബ്ലാക്ക് നിറത്തിലാണ് അകത്തളം ഒരുങ്ങിയിരിക്കുന്നത്. 10.4 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം വാഹനത്തില്‍ ഇടംപിടിച്ചിട്ടുണ്ട്. ഓഡിയോ സംവിധാനം, ക്ലൈമറ്റ് കണ്‍ട്രോള്‍, ഇന്‍ഫോടെയ്ന്‍മെന്റ് കണ്‍ട്രോള്‍, നാവിഗേഷന്‍, ഐ-സ്മാര്‍ട്ട് കണക്ടിവിറ്റി ടെക്‌നോളജി എന്നിവയെല്ലാം ഇതുവഴി നിയന്ത്രിക്കാന്‍ സാധിക്കും.

അന്‍പതോളം കണക്ടഡ് ഫീച്ചറുകള്‍ സാധ്യമാക്കാന്‍ ഐസ്മാര്‍ട്ട് ടെക്‌നോളജിക്ക് കഴിയും. തുകല്‍ വിരിച്ച സ്റ്റീയറിങ് വീലാണ് ഹെക്ടറിലെ മറ്റൊരാകര്‍ഷണം.ഫ്ലാറ്റ് ബോട്ടം ശൈലിയാണ് സ്റ്റീയറിങ് വീലിന് നല്‍കിയിരിക്കുന്നത്. ഓഡിയോ, ക്രൂയിസ് കണ്‍ട്രോള്‍ ബട്ടണുകള്‍ സ്റ്റീയറിങ് വീലിലുണ്ട്.

3.5 ഇഞ്ചാണ് മള്‍ട്ടി ഇന്‍ഫോര്‍മേഷന്‍ ഡിസ്‌പ്ലേയുടെ വലുപ്പം. ട്രിപ്പ് മീറ്ററുകള്‍, തത്സമയ ഇന്ധനക്ഷമത, ശരാശരി ഇന്ധനക്ഷമത, പിന്നിടാന്‍ കഴിയുന്ന ദൂരം മുതലായ വിവരങ്ങള്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററിലെ ഡിസ്‌പ്ലേ വെളിപ്പെടുത്തും.

എട്ടു നിറങ്ങളുള്ള ആംബിയന്റ് ലൈറ്റിങ്, ആറു വിധത്തില്‍ ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, സണ്‍റൂഫ്, പ്രീമിയം ഇന്‍ഫിനിറ്റി ശബ്ദ സംവിധാനം, മുന്‍ പിന്‍ പവര്‍ വിന്‍ഡോ, ഫാസ്റ്റ് ചാര്‍ജിങ്, സ്റ്റാര്‍ട്ട്/സ്റ്റോപ്പ് പുഷ് ബട്ടണ്‍, പവര്‍ മിററുകള്‍ എന്നിവയാണ് വാഹനത്തിലെ മറ്റ് സവിശേഷതകള്‍.

മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്ക്, ആറ് എയര്‍ ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, ആന്റി-ലോക്ക് ബ്രേക്കിങ് സംവിധാനം, ബ്രേക്ക് അസിസ്റ്റ്, 360 ഡിഗ്രി ക്യാമറ, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, മുന്‍ പിന്‍ പാര്‍ക്കിങ് സെന്‍സറുകള്‍, പിന്‍ പാര്‍ക്കിങ് ക്യാമറ, ട്രാക്ഷന്‍ കണ്‍ട്രോള്‍ സംവിധാനം, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍ എന്നിവയാണ് ഹെക്ടറിലെ സുരക്ഷാ സംവിധാനങ്ങള്‍.

Comments are closed.