കൊറോണ വൈറസിനെ സംസ്ഥാന ദുരന്തമായി സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിട്ടി അപക്സ് കമ്മിറ്റി യോഗം പ്രഖ്യാപിച്ചു

തിരുവനന്തപുരം : കൊറോണ വൈറസ് ബാധ എല്ലാ ജില്ലകളിലേക്കും വ്യാപിക്കാനുള്ള സാദ്ധ്യത കണക്കിലെടുത്ത് കൊറോണ വൈറസിനെ സംസ്ഥാന ദുരന്തമായി സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിട്ടി അപക്സ് കമ്മിറ്റി യോഗം പ്രഖ്യാപിച്ചു. മൂന്ന് ജില്ലകളിലെ മൂന്നു പേര്‍ക്ക് നോവല്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെയാണ് ചീഫ് സെക്രട്ടറി ടോം ജോസിന്റെ അദ്ധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന കമ്മിറ്റി യോഗം തീരുമാനിച്ചത്.

ആരോഗ്യവകുപ്പിലെ എല്ലാ ഉദ്യോഗസ്ഥരെയും അവധി റദ്ദാക്കി തിരിച്ചുവിളിച്ചു. ജില്ലാ കളക്ടര്‍മാരുടെ വാര്‍ഷിക പരിശീലനം ഒഴിവാക്കി സംസ്ഥാനത്ത് തുടരാന്‍ നിര്‍ദ്ദേശിച്ചു. ചൈനയില്‍ നിന്നെത്തിയവരുടെ പട്ടിക കേന്ദ്ര വ്യോമയാന സെക്രട്ടറിയോട് ആവശ്യപ്പെട്ടു. നിരവധി പേര്‍ ശ്രീലങ്ക വഴിയും മറ്റും എത്തിയിട്ടും ആരോഗ്യവകുപ്പില്‍ റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തിലായതിനാല്‍ ആരോഗ്യവകുപ്പിന്റെ കണ്ണുവെട്ടിച്ചാല്‍ ക്രിമിനല്‍കുറ്റമായി കണക്കാക്കേണ്ടിവരുമെന്ന് മന്ത്രി ശൈലജ അറിയിച്ചു.

കൂടാതെ കൊറോണ വൈറസ് വേഗത്തില്‍ പകരും. ജനസാന്ദ്രയേറിയ സ്ഥലത്ത് വലിയ ആപത്താണ്. അതിനാല്‍ പ്രതിരോധത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. രോഗികളുമായി ഇടപഴകിയവരുടെ കണക്ക് ശേഖരിക്കണം. ചൈനയില്‍ നിന്നെത്തയവര്‍ 28 ദിവസം വീടുകളില്‍ തന്നെ കഴിയണമെന്നും പൊതുപരിപാടികള്‍ ഒഴിവാക്കണമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.

അതേസമയം സംശയ നിവാരണത്തിനായി സംസ്ഥാന തലത്തിലും ജില്ലാ ആസ്ഥാനങ്ങളിലും 24 മണിക്കുര്‍ പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ആരോഗ്യവകുപ്പ് ആസ്ഥാനത്തും ജില്ലാ ആസ്ഥാനങ്ങളിലും കൊറോണ കണ്‍ട്രോള്‍ റൂം സജ്ജമാണ്. എല്ലാ ജില്ലകളിലും തുടര്‍ ചികില്‍സയ്ക്കായി സജ്ജമാക്കിയിട്ടുള്ള ആശുപത്രികളുടെ വിവരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കാള്‍ സെന്റര്‍ നമ്പര്‍ : 0471 – 2309250, 0471 – 2309251, 0471 – 2309252, ദിശ: 0471 – 2552056, 1056

Comments are closed.