കേരളത്തില്‍ ലൗ ജിഹാദ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല ; ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യവ്യാപകമായി നടപ്പാക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം

ന്യൂഡല്‍ഹി: കേരളത്തില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ ലൗ ജിഹാദ് സംബന്ധിച്ച് ഏതെങ്കിലും കേന്ദ്ര ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ എന്ന ബെന്നി ബെഹ്നാന്‍ എം.പിയുടെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം രംഗത്ത്. ലൗ ജിഹാദ് ഉണ്ടെന്ന സിറോ മലബാര്‍ സഭ സിനഡിന്റെ സര്‍ക്കുലറിനെ പൂര്‍ണ്ണമായും തള്ളുന്ന മറുപടിയുമായി കേരളത്തില്‍ ലൗ ജിഹാദ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിഷന്‍ റെഡ്ഡി രേഖാമൂലം ലോക്സഭയില്‍ അറിയിച്ചു. ലൗ ജിഹാദ് എന്നതിന് നിയമത്തില്‍ വ്യക്തമായ വ്യാഖ്യാനമില്ല.

ലൗ ജിഹാദ് ഇല്ലെന്ന് കേരള സര്‍ക്കാരും സംസ്ഥാന ഹൈക്കോടതിയും വ്യക്തമാക്കിയതാണ്. എന്നാല്‍ വ്യത്യസ്ത മത വിഭാഗങ്ങള്‍ തമ്മിലുള്ള വിവാഹങ്ങള്‍ നടക്കുന്നുണ്ടെന്ന് എന്‍.ഐ.എ കണ്ടെത്തിയിട്ടുണ്ടെന്നും അത്തരം രണ്ട് കേസുകള്‍ എന്‍.ഐ.എ അന്വേഷിച്ചിട്ടുണ്ടെന്നും മറുപടിയില്‍ വ്യക്തമാക്കുന്നു. കൂടാതെ ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യവ്യാപകമായി നടപ്പാക്കില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം രേഖാമൂലം ലോക്സഭയില്‍ മറുപടി നല്‍കുകയായിരുന്നു.

സംസ്ഥാനത്ത് ലൗ ജിഹാദ് ഉണ്ടെന്നും ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ വിവാഹത്തിന്റെ പേരില്‍ മുസ്ലീം സമുദായത്തിലേക്ക് മതംമാറ്റുന്നുണ്ടെന്നും ജനുവരിയില്‍ അവസാനിച്ച സിറോ മലബാര്‍ മെത്രാന്മാരുടെ സിനഡില്‍ പത്രക്കുറിപ്പ് ഇറക്കിയത് വിവാദമായിരുന്നു.

Comments are closed.