പന്തീരാങ്കാവ് കേസ് സംസ്ഥാനത്തിന് തിരിച്ചു തരണം എന്ന് ആവശ്യപ്പെടാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: സര്‍ക്കാര്‍ പരിശോധിക്കും മുമ്പാണ് പന്തീരാങ്കാവ് യുഎപിഎ കേസ് എന്‍ഐഎ ഏറ്റെടുത്തതെന്ന് മുഖ്യമന്ത്രി പിണറായി നിയമസഭയില്‍ വ്യക്തമാക്കിയതിനെത്തുടര്‍ന്ന് വിമര്‍ശനവും പരിഹാസവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. എന്താണ് അലനും താഹയും ചെയ്ത കുറ്റമെന്ന് ആരും പറയുന്നില്ല. പന്തീരാങ്കാവ് കേസ് സംസ്ഥാനത്തിന് തിരിച്ചു തരണം എന്ന് ആവശ്യപ്പെടാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും സ്പീക്കര്‍ യുവാക്കളുടെ വീട് സന്ദര്‍ശിക്കണമെന്നും രമേശ് ചെന്നിത്തല നിയമസഭയില്‍ ആവശ്യപ്പെട്ടു.

അതേസമയം അമിത് ഷായുടെ കാലു പിടിക്കണമെന്നാണോ പ്രതിപക്ഷം പറയുന്നതെന്ന പിണറായി വിജയന്റെ ചോദ്യത്തിന് ഗവര്‍ണറുടെ കാലു പിടുക്കുന്നതിനെക്കാള്‍ നല്ലതാണ് അമിത് ഷായെ കാണുന്നതെന്നും ദില്ലിയില്‍ പോയപ്പോള്‍ പിണറായി വിജയന്‍ അമിത് ഷായ്ക്ക് പൂച്ചെണ്ട് കൊടുത്തില്ലേ എന്നും ചെന്നിത്തല ചോദിക്കുന്നു.

കൂടാതെ നിയമസഭയില്‍ സംസാരിക്കുന്നത് മോദിയോ പിണറായോ എന്ന് പോലും സംശയം തോന്നുകയാണെന്നും, അതോ ഞാനിനി പാര്‍ലമെന്റിലാണോ ഇരിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അതേസമയം പന്തീരാങ്കാവ് യുഎപിഎ കേസ് എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ചത് കേന്ദ്ര സര്‍ക്കാരാണെന്നും കേന്ദ്രം സ്വമേധയാ കേസ് ഏറ്റെടുക്കുകയായിരുന്നു. അല്ലാതെ സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം അല്ല. സമാന വിഷയത്തില്‍ നേരത്തെ വിശദീകരണം നിയമസഭയില്‍ നല്‍കിയതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Comments are closed.