കൊറോണ വൈറസ് : പോസിറ്റീവ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല ; 2321പേര്‍ വീടുകളിലും, 100പേര്‍ ആശുപത്രികളിലും നിരീക്ഷണത്തില്‍

തിരുവനന്തപുരം: കേരളത്തില്‍ ഇന്നലെ കൊറോണ വൈറസിനെത്തുടര്‍ന്ന് പോസിറ്റീവ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം വിവിധ ജില്ലകളിലായി 2321പേര്‍ വീടുകളിലും, 100പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണെന്ന് മന്ത്രി കെ.കെ.ശൈലജ വ്യക്തമാക്കി. ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.

സംശയാസ്പദമായവരുടെ 190 സാമ്പിളുകളില്‍ 118 എണ്ണം ആലപ്പുഴ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്കാണ് അയച്ചത്. എന്നാല്‍ 100 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവാണ്. അതേസമയം വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ ആരോഗ്യവകുപ്പിനെ അറിയിക്കാതെ വിദേശത്ത് പോകാനോ കുട്ടികളെ സ്‌കൂളിലേക്ക് അയക്കാനോ പാടില്ല. അവധി കഴിഞ്ഞ് വിദേശത്തെ ജോലിക്ക് കൃത്യസമയത്ത് ഹാജരാകാന്‍ കഴിയാത്തവരുണ്ടെങ്കില്‍ സര്‍ക്കാര്‍ നോര്‍ക്ക വഴി വിദേശകമ്പനിയെ ബന്ധപ്പെടും.

നിരീക്ഷണത്തിലുള്ള വീടുകളിലെ കുട്ടികള്‍ക്ക് സ്‌കൂളില്‍ ഹാജര്‍ നല്‍കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കോഴിക്കോട് രണ്ടു പേര്‍ ആരോഗ്യവകുപ്പ് അറിയാതെ വിദേശത്ത് പോയതെങ്ങനെയെന്ന് പരിശോധിക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. നീരീക്ഷണത്തിലുള്ളവര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുന്നതിനായി 191അംഗങ്ങളെ വിവിധ ജില്ലകളിലായി വിന്യസിക്കുകയും അതില്‍ 1043 പേര്‍ക്ക് ഫോണിലൂടെ കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു.

Comments are closed.