Ultimate magazine theme for WordPress.

സ്‌കൂള്‍ ബസില്‍നിന്ന് തെറിച്ചുവീണ 9 വയസ്സുകാരന് അതേ ബസിന്റെ പിന്‍ടയര്‍ കയറി ദാരുണാന്ത്യം

പെരിന്തല്‍മണ്ണ: സ്‌കൂള്‍ ബസില്‍നിന്ന് തെറിച്ചുവീണ 9 വയസ്സുകാരന്‍ അതേ ബസിന്റെ പിന്‍ടയര്‍ കയറി മരിച്ചു. കൂട്ടിലങ്ങാടി മുഞ്ഞക്കുളം സ്വദേശിയും ദുബായില്‍ ഫാര്‍മസിസ്റ്റുമായ ഷാനവാസിന്റെയും ഇതേ സ്‌കൂളിലെ അദ്ധ്യാപികയായ പഞ്ചിലി ഷമീമയുടെയും മകനായ കുറുവ എ.യു.പി സ്‌കൂളില്‍ പഠിക്കുന്ന മൂന്നാംക്ലാസ് വിദ്യാര്‍ത്ഥി ഫര്‍ഷിന്‍ അഹമ്മദ് (9) ആണ് സ്‌കൂളിലേക്കുള്ള യാത്രാമദ്ധ്യേ ബസിന്റെ വാതില്‍തുറന്ന് റോഡിലേക്കു വീണത്.

ഇന്നലെ രാവിലെ 10 മണിയോടെ യാണ് സംഭവം. തിരക്കുകാരണം വാതില്‍പ്പടിയില്‍ നില്‍ക്കുകയായിരുന്ന ഫര്‍ഷിന്‍ വളവില്‍വച്ച് ബസ് ഉലഞ്ഞുചരിഞ്ഞതോടെ ഡോറിന്റെ ലോക്കില്‍ ബാഗ് കുരുങ്ങി വാതില്‍ തുറന്നു. പുറത്തേക്കു വീഴുന്നതിനിടെ ഡോറില്‍ പിടിച്ചുനില്‍ക്കാന്‍ ഫര്‍ഷിന്‍ ശ്രമിച്ചു. എന്നാല്‍ 10 മീറ്ററോളം മുന്നോട്ടുപോയ ശേഷമാണ് ഫര്‍ഷിന്‍ റോഡിലേക്ക് തെറിച്ചുവീണത്. ബസില്‍ അറ്റന്‍ഡര്‍ ഉണ്ടായിരുന്നില്ല.

തുടര്‍ന്ന് തൊട്ടടുത്തുണ്ടായിരുന്ന കുട്ടികള്‍ ബഹളം വച്ചെങ്കിലും ബസിലെ തിരക്കും മറ്റു കുട്ടികളുടെ ബഹളവും മൂലം ഡ്രൈവര്‍ അറിഞ്ഞിരുന്നില്ല. എന്നാല്‍ കുട്ടിയുടെ ദേഹത്തുകൂടി ടയര്‍ കയറിയിറങ്ങി അല്പം മുന്നോട്ടുപോയ ശേഷമാണ് ബസ് നിറുത്തിയത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഫര്‍ഷിന്‍ കയറി 500 മീറ്റര്‍ പിന്നിടുന്നതിനിടെയാണ് അപകടമുണ്ടായത്. ഒരു ഡോറുള്ള മിനിബസില്‍ 90ഓളം പേരുണ്ടായിരുന്നെന്ന് ബസിലുണ്ടായിരുന്ന കുട്ടികളും ദൃക്സാക്ഷികളും പറഞ്ഞു.

സ്ഥിരമായി കുട്ടികളെ കുത്തിനിറച്ചാണ് യാത്ര. അറ്റന്‍ഡറില്ലാത്തത് ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ചെലവുമൂലം പരിഗണിക്കാനാവില്ലെന്നാണ് സ്‌കൂള്‍ അധികൃതര്‍ നിലപാടെടുത്തതെന്ന് രക്ഷിതാക്കള്‍ പറയുന്നു. തുടര്‍ന്ന് കൊളത്തൂര്‍ പൊലീസ് അദ്ധ്യാപകരുടെ മൊഴിയെടുത്തു. ഡ്രൈവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം കടൂപ്പുറം മഹല്ല് ജുമാമസ്ജിദില്‍ കബറടക്കി. ഫര്‍ഷിന്റെ സഹോദരങ്ങള്‍: ഫര്‍ഹാന്‍ അഹമ്മദ്, ആഷിഖ് അഹമ്മദ്.

Comments are closed.