അമ്മത്തൊട്ടില്‍ എത്രയും വേഗം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സാമൂഹ്യനീതി മന്ത്രിയെ സമീപിക്കുമെന്ന് എംഎല്‍എ വി എസ് ശിവകുമാര്‍

തിരുവനന്തപുരം: തിരുവനന്തപുരം ശിശുക്ഷേമസമിതി ആസ്ഥാനത്തെ അമ്മത്തൊട്ടില്‍ മാറ്റിസ്ഥാപിച്ചതില്‍ വിവാദം തുടരുമ്പോള്‍ അമ്മത്തൊട്ടില്‍ എത്രയും വേഗം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സാമൂഹ്യനീതി മന്ത്രിയെ സമീപിക്കുമെന്ന് എംഎല്‍എ വി എസ് ശിവകുമാര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ സ്ഥാപിച്ച ഹൈടെക് അമ്മത്തൊട്ടിലായിരുന്നു ഇത്. നേരത്തെയുളള ഭരണസമിതി പിരിച്ചുവിട്ടതിന് ശേഷമായിരുന്നു കെട്ടിടനിര്‍മ്മാണത്തിനായി അമ്മത്തൊട്ടില്‍ പൊളിച്ചത്.

നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് ഇതെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. താല്‍ക്കാലികമായി സമിതിഹാളില്‍ തുണി കൊണ്ട് മറച്ചാണ് പകരം സംവിധാനമൊരുക്കിയത്. എന്നാല്‍, അമ്മത്തൊട്ടിലിന്റെ രഹസ്യസ്വഭാവം ഇല്ലാതാക്കുന്ന ഈ സംവിധാനത്തിനെതിരെയും പരാതി ഉയര്‍ന്നത്. എന്നാല്‍ പുതിയ സംവിധാനമൊരുക്കിയ ശേഷം രണ്ട് കുട്ടികളെ മാത്രമാണ് ഇവിടെ കിട്ടിയത്. അതേസമയം ലുലു ഗ്രൂപ്പ് നിര്‍മ്മിച്ചു പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകാന്‍ ഒരു വര്‍ഷമെങ്കിലുമെടുക്കുമെന്നാണ് കണക്കുകൂട്ടല്‍.

പുതിയ കെട്ടിടത്തിന്റെ ഭാഗമായി നേരത്തെ ഉണ്ടായിരുന്ന ഇടത്ത് തന്നെ അമ്മത്തൊട്ടില്‍ സ്ഥാപിക്കും. പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ സമിതി മുറ്റത്ത് തന്നെ ചെറിയൊരു മുറി പണിത് ഹൈടെക് അമ്മത്തൊട്ടില്‍ തല്‍ക്കാലത്തേക്ക് ഇവിടെ സ്ഥാപിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കൂടാതെ ആസ്ഥാന മന്ദിരത്തിന്റെ മുറ്റത്ത് തന്നെ താല്‍ക്കാലിക അമ്മത്തൊട്ടില്‍ അഞ്ച് ദിവസത്തിനകം പ്രവര്‍ത്തനം തുടങ്ങുമെന്ന് ശിശുക്ഷേമസമിതി സമിതി അധികൃതര്‍ വ്യക്തമാക്കി.

Comments are closed.