കൂടത്തായി കൊലപാതകം : ടോം തോമസ് വധക്കേസിലെ കുറ്റപത്രം നാളെ താമരശേരി മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കും

താമരശ്ശേരി: കൂടത്തായി കൊലപാതക കേസിലെ അഞ്ചാമത്തെ കുറ്റപത്രമായ പൊന്നാമറ്റം ടോം തോമസ് വധക്കേസിലെ കുറ്റപത്രം നാളെ താമരശേരി മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കും. സ്വത്ത് തട്ടിയെടുക്കുക എന്ന ഉദ്ദേശത്തോടെയാണ് ടോം തോമസിനെ കൊന്നതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. 170 ലധികം സാക്ഷിമൊഴികളുടെ അടിസ്ഥാനത്തില്‍ ജോളി ഒന്നാം പ്രതിയും സയനൈഡ് കൈമാറിയ എം.എസ് മാത്യു രണ്ടാം പ്രതിയും സയനൈഡ് എത്തിച്ച് നല്‍കിയ പ്രജുകുമാര്‍ മൂന്നാം പ്രതിയുമായാണ് കുറ്റപത്രം.

ജോളിയുടെ മകന്‍ റെമോ പ്രധാന സാക്ഷി. ക്യാപ്‌സ്യൂള്‍ നല്‍കുന്നത് കണ്ടുവെന്ന റെമോയുടെ മൊഴിയും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. അതേസമയം ടോം തോമസിന് ദിവസവും മഷ്‌റൂം ക്യാപ്‌സ്യൂള്‍ കഴിക്കുന്ന ശീലമുണ്ട്. തുടര്‍ന്ന് മഷ്‌റൂം ക്യാപ്‌സ്യൂളില്‍ സയനൈഡ് നിറച്ച് നല്കിയാണ് ടോം തോമസിനെ ജോളി കൊന്നതെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

വീട്ടിലെ സന്ധ്യാ പ്രാര്‍ത്ഥനയ്ക്ക് മുമ്പാണ് ജോളി ഗുളിക നല്‍കിയത്. പ്രാര്ത്ഥനയ്ക്കിടയില്‍ ടോം തോമസ് കുഴഞ്ഞ് വീണു. പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. എന്നാല്‍ ഓടിയെത്തിയ അയല്ക്കാരും ആശുപത്രിയിലേക്ക് കൊണ്ട്‌പോയ ഓട്ടോ ഡ്രൈവറുമെല്ലാം സാക്ഷികളാണ്.

Comments are closed.