പന്തീരാങ്കാവ് കേസില്‍ യുഎപിഎ ചുമത്തിയപ്പോള്‍ മുതലുള്ള എല്ലാ നടപടികളെയും ന്യായീകരിച്ച മുഖ്യമന്ത്രിക്ക് മനംമാറ്റം

തിരുവനന്തപുരം : പന്തീരാങ്കാവ് കേസില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കാലു പിടിക്കാന്‍ തന്നെ കിട്ടില്ലെന്നു നിയമസഭയില്‍ പ്രഖ്യാപിച്ച അതേ ദിവസം തന്നെ അദ്ദേഹത്തിന് അപേക്ഷ നല്‍കി. നിയമസഭയില്‍ പ്രതിപക്ഷ ആവശ്യം തള്ളിയ അതേ ദിവസത്തെ തീയതി വച്ചുള്ളതാണു കേന്ദ്രത്തിനുള്ള കത്ത്.

കേസ് യുഎപിഎ ചുമത്തിയപ്പോള്‍ മുതലുള്ള എല്ലാ നടപടികളെയും ന്യായീകരിച്ചു വന്ന മുഖ്യമന്ത്രി ഇതാദ്യമായാണ് അലന്റെയും താഹയുടെയും കുടുംബത്തിന്റെ വികാരം ഉള്‍ക്കൊളളുന്ന ഒരു നടപടിക്കു തയാറായത്. എന്‍ഐഎ കേസ് ഏറ്റെടുത്തപ്പോള്‍ അപലപിച്ചു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവന ഇറക്കിയിരുന്നു. സര്‍ക്കാര്‍ അനങ്ങിയില്ല.

എന്നാല്‍ അലന്റെയും താഹയുടെയും വീട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും ഉപനേതാവ് എം.കെ. മുനീറിന്റെയും നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു യുഡിഎഫ് പിന്തുണ പ്രഖ്യാപിച്ചതോടെ കോഴിക്കോട്ടെ പാര്‍ട്ടി നേതൃത്വം ഇളകി.

അമിത് ഷായുടെ കാലു പിടിക്കാതെ തന്നെ ഇക്കാര്യം ഫലപ്രദമായി സര്‍ക്കാരിന് ഉന്നയിക്കാന്‍ കഴിയുമെന്നു ചൂണ്ടിക്കാട്ടിയതു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ്. അലനും താഹയും ആ കുടുംബവും കടന്നുപോകുന്ന അവസ്ഥ വിവരിച്ചു സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയത് എം.കെ.മുനീറും. ഗവര്‍ണര്‍ക്കെതിരായ പ്രമേയം എന്ന പ്രതിപക്ഷ ആവശ്യം തള്ളിയ മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തരമന്ത്രിയെ സമീപിക്കുക എന്ന അവരുടെ ആവശ്യത്തിനു വഴങ്ങുകയായിരുന്നു.

Comments are closed.