തിരുവാഭരണം സൂക്ഷിക്കുന്ന കാര്യത്തില്‍ സുപ്രീംകോടതിയെ ചിലര്‍ തെറ്റിദ്ധരിപ്പിച്ചെന്ന് പന്തളം കൊട്ടാരം

പത്തനംതിട്ട: ശബരിമല ധര്‍മശാസ്താവിനു ചാര്‍ത്തുന്ന തിരുവാഭരണം എങ്ങും സമര്‍പ്പിച്ചിട്ടില്ലെന്നും നൂറ്റാണ്ടുകളായി നടക്കുന്ന ആചാരം ഇപ്പോഴും തുടരുകയാണെന്നും ശശികുമാര വര്‍മ്മ പറയുന്നു. കൂടാതെ തിരുവാഭരണം എവിടെയെങ്കിലും സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍ സര്‍ക്കാരിന്റെ പക്കല്‍ രേഖകള്‍ ഉണ്ടാകുമായിരുന്നു. ഭഗവാന് സമര്‍പ്പിച്ച തിരുവാഭരണം തിരിച്ചെടുക്കാനാവില്ലെന്ന് കോടതി പറഞ്ഞിരുന്നുവെന്നും കൊട്ടാരം പ്രതിനിധി വ്യക്തമാക്കി.

അതേസമയം ശബരിമയിലെ തിരുവാഭരണം സര്‍ക്കാരിന് പ്രത്യേകിച്ച് ഏറ്റെടുക്കേണ്ട ആവശ്യം ഇല്ലെന്നും കൊട്ടാരത്തില്‍ സര്‍ക്കാരിന്റെ സുരക്ഷയില്‍ തന്നെയാണ് തിരുവാഭരണം സൂക്ഷിച്ചിരിക്കുന്നതെന്നും കൂടുതല്‍ സുരക്ഷ ആവശ്യമാണെന്ന് സുപ്രീംകോടതി പറഞ്ഞാല്‍ അത് ചെയ്യുമെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞിരുന്നു.

ശബരിമലയില്‍ 2010-ല്‍ നടത്തിയ ദേവപ്രശ്നം ചോദ്യംചെയ്തുള്ള ഹര്‍ജി പരിഗണിക്കുമ്പോഴാണ് തിരുവാഭരണം പന്തളം കൊട്ടാരത്തിന്റെ സ്വത്തല്ലെന്നും അയ്യപ്പന്റേതാണെന്നും ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഇന്നലെ ചൂണ്ടിക്കാട്ടിയത്.

തുടര്‍ന്ന് തിരുവാഭരണം കൊട്ടാരത്തില്‍ സൂക്ഷിക്കുമ്പോഴുള്ള സുരക്ഷയെക്കുറിച്ച് ആരാഞ്ഞ കോടതി, അവ സംസ്ഥാനസര്‍ക്കാരിന് ഏറ്റെടുത്തു കൂടേ എന്നു ചോദിക്കുകയും കൊട്ടാരത്തില്‍ സൂക്ഷിച്ചിരിക്കുന്ന തിരുവാഭരണത്തിന്റെ സുരക്ഷയെക്കുറിച്ചു വെള്ളിയാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാനും ആവശ്യപ്പെട്ടിരുന്നു. കൊട്ടാരം നിര്‍വാഹകസമിതി പ്രസിഡന്റും സെക്രട്ടറിയും പന്തളം രാജകുടുംബാംഗങ്ങളുമായി ചര്‍ച്ച ചെയ്യുന്നില്ലെന്നും തിരുവാഭരണം അവര്‍ െകെവശം വച്ചിരിക്കുകയാണെന്നും ഹര്‍ജിക്കാരുടെ അഭിഭാഷകര്‍ ആരോപിച്ചു.

Comments are closed.