ഷഹീന്‍ബാഗ് പ്രതിഷേധം : വെടിയുതിര്‍ത്ത യുവാവ് ആം ആദ്മി പാര്‍ട്ടി അംഗമാണെന്ന് പറഞ്ഞ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി

ഡല്‍ഹി: ഷഹീന്‍ബാഗില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്ത യുവാവ് ആം ആദ്മി പാര്‍ട്ടി അംഗമാണെന്ന് പരസ്യപ്രസ്താവന നടത്തിയ ഡെപ്യൂട്ടി കമ്മീഷണര്‍ രാജേഷ് ദിയോ എന്ന പൊലീസ് ഉദ്യോഗസ്ഥനെ ദില്ലിയിലെ തെരഞ്ഞെടുപ്പ് ചുമതലകളില്‍ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചെയ്തു. വെടിവെയ്പ്പ് നടത്തിയ ആളും പിതാവും ഒരു വര്‍ഷം മുമ്പ് ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നുവെന്ന് കഴിഞ്ഞ ദിവസം രാജേഷ് ഡിയോ പറഞ്ഞതിനെത്തുടര്‍ന്നാണ് നടപടി.

തുടര്‍ന്ന് രാഷ്ട്രീയം കലര്‍ത്തിയുള്ള പ്രസ്താവനകള്‍ നടത്തിയതിന് ഇയാളെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ താക്കീത് ചെയ്തു. വളരെ അനാവശ്യമായ പ്രസ്താവനയാണിത്. രാജേഷ് ദിയോയുടെ പെരുമാറ്റം സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യാഘാതങ്ങളുണ്ടാക്കുന്നുവെന്ന് ദില്ലി പോലീസ് കമ്മീഷണര്‍ക്ക് അയച്ച കത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

ഷഹീന്‍ബാഗിലെ പ്രതിഷേധക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്ത സംഭവത്തിലെ പ്രതിയായ കപില്‍ ഗുജ്ജര്‍ ആം ആദ്മി പാര്‍ട്ടി അംഗമാണെന്ന വാര്‍ത്ത പൊലീസ് പുറത്തുവിട്ടിരുന്നു. ഇയാള്‍ മാത്രമല്ല, പിതാവ് ഗജേ സിംഗും ആം ആദ്മി അംഗമാണെന്ന് ദില്ലി പൊലീസ് വ്യക്തമാക്കിയിരുന്നു. ദില്ലി പൊലീസിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് ഇയാള്‍ എഎപി അംഗമാണെന്ന് റിപ്പോര്‍ട്ട് ചെയ്തത്. അന്വേഷണത്തിനിടെ ഇയാളുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ഇയാള്‍ എഎപി നേതാക്കളോടൊപ്പം നില്‍ക്കുന്ന ചിത്രം ശ്രദ്ധയില്‍പ്പെട്ടത്.

Comments are closed.