വിജയിയുടെയും ഭാര്യയുടെയും പേരിലുള്ള സ്വത്തിന്റെ ആധാരങ്ങളും പണമിടപാട് രേഖകളും പിടിച്ചെടുത്തു

ചെന്നൈ: തമിഴ് സൂപ്പര്‍ താരം വിജയ്ക്കെതിരായ ആദായനികുതി വകുപ്പിന്റെ ചോദ്യം ചെയ്യലും പരിശോധനയും നീണ്ടത് 30 മണിക്കൂറാണ്. കൂടാതെ വിജയ്യുടെ ഭാര്യ സംഗീതയെയും ഇന്നലെ ചോദ്യം ചെയ്തിരുന്നു. ഇന്നലെ രാത്രി എട്ടരയ്ക്കാണ് നടപടികള്‍ അവസാനിച്ചത്. അതേസമയം വിജയ്യുടെയും ഭാര്യയുടെയും പേരിലുള്ള സ്വത്തിന്റെ ആധാരങ്ങളും പണമിടപാട് രേഖകളും പിടിച്ചെടുത്തു.

ഇവ വിശദമായി പരിശോധിച്ച ശേഷമാകും തുടര്‍ നടപടിയെന്ന് ആദായനികുതി ഉദ്യോഗസ്ഥര്‍ പറഞ്ഞു. എട്ട് ആദായനികുതി ഉദ്യോഗസ്ഥരാണ് വിജയ്യുടെ ഈസ്റ്റ് കോസ്റ്റ് റോഡിലെ വസതിയിലുണ്ടായിരുന്നത്. വിജയ്യുടെ ചെന്നൈ പനയൂരിലെ വീട്ടിലും മറ്റ് രണ്ട് വീട്ടിലും നേരത്തേ റെയ്ഡ് നടത്തിയിരുന്നു. ചെന്നൈ നീലാങ്കരൈയില്‍ ഭൂമി വാങ്ങിയതും പൂനമല്ലിയില്‍ കല്യാണമണ്ഡപം പണിഞ്ഞതും അടക്കം വിജയ്യുടെ സ്ഥാവര സ്വത്തുവകകളും നിക്ഷേപങ്ങള്‍ സംബന്ധിച്ചുള്ള കണക്കുകളും പരിശോധിച്ചിരുന്നു.

കൂടാതെ 300 കോടി കളക്ട് ചെയ്ത ബിഗില്‍ സിനിമയില്‍ വിജയ്യ്ക്ക് നല്‍കിയ പ്രതിഫലം സംബന്ധിച്ച് തമിഴ് സിനിമാ രംഗത്തെ മുഖ്യ പണമിടപാടുകാരന്‍ അന്‍പുചെഴിയന്റെയും നിര്‍മാതാവിന്റെയും മൊഴികളും താരം നല്‍കിയ രേഖകളും തമ്മില്‍ പൊരുത്തക്കേടുണ്ടെന്നാണ് വിവരം. ബിഗിലിന് വിജയ് 30 കോടി രൂപ പ്രതിഫലം വാങ്ങിയെന്നും പറയപ്പെടുന്നു.പേരു വെളിപ്പെടുത്തിയിട്ടില്ലാത്ത സിനിമാ വിതരണക്കാരന്‍, മറ്ററ്റൊരു നിര്‍മ്മാതാവ് എന്നിവരുടെ പണമിടപാടുകളും അന്വേഷിക്കുകയാണ്.

Comments are closed.