കൊറോണ വൈറസ് : ചൈനയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങാനെത്തിയ 21 മലയാളി വിദ്യാര്‍ത്ഥികളെ കൊണ്ടുവരാന്‍ നടപടി സ്വീകരിക്കും

ന്യൂഡല്‍ഹി: കൊറോണ വൈറസിനെത്തുടര്‍ന്ന് ചൈനയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങാനെത്തി അവിടെ വിമാനത്താവളത്തില്‍ കുടുങ്ങിയ 21 മലയാളി വിദ്യാര്‍ത്ഥികളെ കൊണ്ടുവരാന്‍ വിമാന സൗകര്യം ഒരുക്കുന്നതിന് ചൈനയിലെ ഇന്ത്യന്‍ സ്ഥാനപതിയുമായി സംസാരിച്ചിട്ടുണ്ടെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ അറിയിച്ചു. ഡാലിയന്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ ചൈനയിലെ കുംനിംഗ് വിമാനത്താവളത്തില്‍ കുടുങ്ങിയ സംഘത്തിലെ 15 പേരും പെണ്‍കുട്ടികളാണ്.

സ്‌കൂട്ട് എയര്‍ലൈന്‍സില്‍ സിംഗപ്പൂര്‍ വഴി നാട്ടിലേക്ക് തിരിക്കാണ് ഇവര്‍ ടിക്കറ്റെടുത്തത്. എന്നാല്‍ കൊറോണയുടെ പശ്ചാത്തലത്തില്‍ ചൈനയില്‍ നിന്നുള്ളവര്‍ക്ക് സിംഗപ്പൂര്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ ചൈനയില്‍ നിന്ന് സിംഗപ്പൂര്‍ പൗരന്മാരല്ലാത്തവരെ സിംഗപ്പൂര്‍ വഴി കൊണ്ടു പോകാനാവില്ലെന്ന് വിമാനക്കമ്പനി അധികൃതര്‍ നിലപാടെടുത്തിരുന്നു. അതേസമയം ഉടന്‍ തിരിച്ചെത്തരുതെന്ന് എഴുതി വാങ്ങിയാണ് യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ അധികൃതര്‍ നാട്ടിലേക്ക് പോകാന്‍ അനുമതി നല്‍കിയതെന്നും അതിനാല്‍ തിരികെ പ്രവേശിപ്പിക്കില്ലെന്നും വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി.

Comments are closed.