അല്‍-ക്വയ്ദയുടെ യെമന്‍ തലവന്‍ ഖാസിം അല്‍ റിമിയെ സൈനിക ഓപ്പറേഷനിലൂടെ വധിച്ചെന്ന് അമേരിക്കന്‍ പ്രസിഡന്റ്

വാഷിങ്ങ്ടണ്‍: യുഎസ് നേവല്‍ ബേസിനു നേര്‍ക്കുള്ള ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഖാസിം അല്‍ റിമിയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് ഏറ്റെടുത്തതിനു പിന്നാലെ അല്‍-ക്വയ്ദയുടെ യെമന്‍ തലവന്‍ ഖാസിം അല്‍ റിമിയെ സൈനിക ഓപ്പറേഷനിലൂടെ വധിച്ചെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്ഥിരീകരിച്ചു. അറേബ്യന്‍ ഉപദ്വീപിലെ അല്‍-ക്വയ്ദയുടെ(എക്യൂഎപി)സ്ഥാപകനും നേതാവായ ഖാസിം അല്‍ റിമിയെ യെമനില്‍ നടത്തിയ സൈനിക ഓപ്പറേഷനിലുടെ വധിച്ചതായി വൈറ്റ്ഹൗസ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.

ലോകത്ത് പടര്‍ന്ന് കിടക്കുന്ന ഏറ്റവും ആപല്‍ക്കരമായ ഭീകരവാദ ഗ്രൂപ്പാണിതെന്നാണ് യുഎസ് പറയുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ ആറിനായിരുന്നു ഫ്ളോറിഡയിലെ പെന്‍സാകോള യുഎസ് നേവല്‍ എയര്‍ സ്റ്റേഷനിലെ വെടിവെയ്പ്പില്‍ സൗദി എയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്‍ മൂന്ന് അമേരിക്കന്‍ നാവികരെ വധിച്ചത്. തുടര്‍ന്ന് ഇതിന്റെ ഉത്തരവാദിത്തം ഖാസിം അല്‍ റിമിയുടെ നേതൃത്വത്തിലുള്ള അല്‍-ക്വയ്ദ ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു.

Comments are closed.