സ്വവര്‍ഗാനുരാഗിയായ പങ്കാളിയെ കൊലപ്പെടുത്തിയ ഇരുപത്തേഴുകാരന്‍ അറസ്റ്റിലായി

മുംബൈ: മുംബൈയിലെ ദോംബിവാലി ജില്ലയില്‍ സ്വവര്‍ഗാനുരാഗിയായ പങ്കാളിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഇരുപത്തേഴുകാരനായ യുവാവ് അറസ്റ്റിലായി. ഉമേഷ് പാട്ടീല്‍ എന്ന 56കാരന്റെ മൃതദേഹം കണ്ടെത്തി മണിക്കൂറുകള്‍ക്കുള്ളിലാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. മുംബൈ കോടതിയിലെ ജീവനക്കാരനായ ഉമേഷ് പാട്ടീല്‍ വിരമിച്ചതിന് ശേഷം ഒരു സ്വകാര്യ കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്.

ഇയാളെ രണ്ടുദിവസമായി കാണാനില്ലായിരുന്നു. വ്യാഴാഴ്ച രാവിലെ ദോംബവാലിയിലെ റയില്‍വെ ട്രാക്കിന് സമീപം ഒരു ബാഗില്‍ ഇയാളുടെ മൃതദേഹം കണ്ടെത്തി. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് സുഹൃത്തായ പ്രഫുല്‍ പവാറാണ് കൊല നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.

ഉമേഷ് പാട്ടീലും പ്രഫുല്‍ പവാറും ട്രയിന്‍ യാത്രയ്ക്കിടെയാണ് സുഹൃത്തുക്കളായത്. പാട്ടീല്‍ അവിവാഹിതനാണ്. ഇരുവരും തമ്മിലുള്ള സൗഹൃദം ശക്തമായതോടെ പാട്ടീലിന്റെ വീട്ടില്‍വച്ച് ഇവര്‍ ശാരീരിക ബന്ധത്തിലേര്‍പ്പെട്ടു. ഇവര്‍ തമ്മിലുള്ള ബന്ധം തുടര്‍ന്നു പോന്നിരുന്നു. ഇതിനിടെ പവാര്‍ വിവാഹിതനായി. ഇതോടെ ഇയാള്‍ പാട്ടിലിനെ ഒഴിവാക്കാന്‍ ശ്രമിക്കുകയും ചെയ്തു.

ഫെബ്രുവരി നാലിന് പാട്ടീല്‍ പവാറിന്റെ വീട്ടിലെത്തി. ആ സമയത്ത് പവാറിന്റെ ഭാര്യ വീട്ടിലുണ്ടായിരുന്നില്ല. ഇരുവരും തമ്മില്‍ വഴക്കിട്ടു. വഴക്ക് കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ബാഗിലാക്കി റെയില്‍വെ ട്രാക്കില്‍ ഉപേക്ഷിക്കുകയായിരുന്നു.

Comments are closed.