ഇന്ത്യ എയ്ക്ക് എതിരായ രണ്ടാം അനൗദ്യോഗിക ടെസ്റ്റില്‍ ന്യൂസിലന്‍ഡ് എ മികച്ച നിലയില്‍

ലിങ്കണ്‍: ഇന്ത്യ എയ്ക്ക് എതിരായ രണ്ടാം അനൗദ്യോഗിക ടെസ്റ്റില്‍ ഒന്നാംദിനം കളി നിര്‍ത്തുമ്പോള്‍ ന്യൂസിലന്‍ഡ് അഞ്ച് വിക്കറ്റിന് 276 റണ്‍സെടുത്തിട്ടുണ്ട്. വിക്കറ്റ് കീപ്പര്‍ ഡെയ്ന്‍ ക്ലീവറും(46), ഡാരില്‍ മിച്ചലുമാണ്(36) ക്രീസില്‍. അര്‍ധ സെഞ്ചുറി നേടിയ ഗ്ലെന്‍ ഫിലിപ്പാണ് ആദ്യദിനം ആതിഥേയരുടെ ടോപ് സ്‌കോറര്‍. നായകന്‍ ഹാമിഷ് റൂത്തര്‍ഫോഡ്(40), വില്‍ യങ്(26), രച്ചിന്‍ രവീന്ദ്ര(12), ഗ്ലെന്‍ ഫിലിപ്പ്സ്(65), ടിം സീഫേര്‍ട്ട്(30) എന്നിവരുടെ വിക്കറ്റാണ് ന്യൂസിലന്‍ഡ് എയ്ക്ക് തിരിച്ചടിയായത്.

ഇന്ത്യ എയ്ക്കായി മുഹമ്മദ് സിറാജും ആവേഷ് ഖാനും രണ്ടുവീതവും ഷഹ്ബാസ് നദീം ഒരു വിക്കറ്റും നേടിയിരുന്നു. സന്ദീപ് വാര്യര്‍ 15 ഓവറില്‍ അഞ്ച് മെയ്ഡന്‍ അടക്കം 26 റണ്‍സ് മാത്രമാണ് നഷ്ടപപ്പെടുത്തിയത്. അതേസമയം രണ്ട് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ കളി സമനിലയില്‍ അവസാനിച്ചിരുന്നു. ക്രൈസ്റ്റ് ചര്‍ച്ചില്‍ ഇരട്ട സെഞ്ചുറി നേടിയ ശുഭ്മാന്‍ ഗില്ലും സെഞ്ചുറി നേടിയ നായകന്‍ ഹനുമാ വിഹാരിയും പ്രിയങ്ക് പാഞ്ചലുമാണ് അവസാനദിനം ഇന്ത്യയെ സമനിലയിലെത്തിച്ചത്. സ്‌കോര്‍: ന്യൂസിലന്‍ഡ്-562/7 decl, ഇന്ത്യ-216, 448/3 (101.1).

Comments are closed.