ഭാരത് ഫൈബര്‍ പ്ലാന്‍ അവതരിപ്പിച്ച് ബിഎസ്എന്‍എല്‍

ബിഎസ്എൻഎൽ തിരഞ്ഞെടുത്ത സർക്കിളുകളിൽ പുതിയ ഭാരത് ഫൈബർ പ്ലാൻ അവതരിപ്പിച്ചു. 2,999 രൂപ വിലയുള്ള പുതിയ പ്ലാനിലൂടെ കമ്പനി പ്രതിമാസം 2000 ജിബി (2ടിബി) ഡാറ്റയാണ് ഉപയോക്താവിന് നൽകുന്നത്. 100 എംബിപിഎസ് വേഗതയും കമ്പനി വാഗ്ദാനം ചെയ്യുന്നു. പ്ലാനിനൊപ്പം ഇന്ത്യയിലെ ഏത് നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളിങും ലഭ്യമാണ്.

എല്ലാ ബ്രോഡ്ബാന്റ് സേവന ദാതാക്കളും വീഡിയോ കണ്ടന്റ് സ്ട്രീമിങ് പ്ലാറ്റ്ഫോമിലേക്കുള്ള സൌജന്യ സബ്ക്രിപ്ഷനുകൾ ഇപ്പോൾ പ്ലാനുകൾക്കൊപ്പം നൽകാറുണ്ട്. ബിഎസ്എൻഎല്ലിന്റെ 2,999 രൂപ പ്ലാനും ഈ പാത പിന്തുടരുന്നു. 999 രൂപ വില വരുന്ന ആമസോൺ പ്രൈം സബ്ക്രിപ്ഷനാണ് കമ്പനി ഉപയോക്താക്കൾക്കായി നൽകുന്നത്. ജിയോ ഫൈബറിന് വെല്ലുവിളി ഉയർത്തുന്ന പ്ലാൻ തന്നെയാണ് ഇത്.

ബിഎസ്എൻഎല്ലിന്റെ പുതിയ ബ്രോഡ്ബാന്റ് പ്ലാൻ നിലവിൽ ചെന്നെ, തമിഴ്നാട് സർക്കിളുകളിൽ മാത്രമാണ് ലഭ്യമാക്കിയിട്ടുള്ളത്. അധികം വൈകാതെ മറ്റിടങ്ങളിലേക്കും പ്ലാൻ ലഭ്യമാക്കുമെന്ന് വിശ്വസിക്കാം. നിലവിൽ ഭാരത് ഫൈബർ ഇന്ത്യയിലുടനീളം ഏഴ് പ്ലാനുകളാണ് ഉപയോക്താക്കൾക്കായി നൽകുന്നത്. എല്ലാ സർക്കിളുകളിലും നിലവിലുള്ള പ്ലാനുകളാണ് ഈ ഏഴെണ്ണവും.

പാൻ-ഇന്ത്യ പ്ലാനുകൾ ഏഴെണ്ണം കൂടാതെ ചില പ്ലാനുകളും ബിഎസ്എൻഎൽ പുറത്തിറക്കിയിരുന്നു. ചില സർക്കിളുകളിലേക്ക് മാത്രമായി പുറത്തിറക്കിയ ഈ പ്ലാനുകളിൽ പലതും കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്നവയാണ്. ഇത്തരത്തിൽ ചില സർക്കിളുകളിൽ മാത്രം ലഭിക്കുന്ന പ്ലാനുകളാണ് 1,999 രൂപ, 2,999 രൂപ പ്ലാനുകൾ. ദിവസേനയുള്ള എഫ്യുപി ലിമിറ്റ് ഈ പ്ലാനുകളിൽ ഇല്ല എന്നതാണ് ശ്രദ്ധേയം.

ബി‌എസ്‌എൻ‌എൽ 2,999 രൂപ ഭാരത് ഫൈബർ ബ്രോഡ്‌ബാൻഡ് പ്ലാൻ ചെന്നൈ, തമിഴ്‌നാട് സർക്കിളുകളിൽ ലഭ്യമാണ്. 100 ജിബിപിഎസ് വേഗതയിൽ 2000 ജിബി അഥവാ 2 ടിബി വരെ ഡാറ്റയാണ് പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. ഈ ഡാറ്റ പരിധി കഴിഞ്ഞതിന് ശേഷം വേഗത 2 എംബിപിഎസായി കുറയും. പ്ലാനിലൂടെ ലഭ്യമാകുന്ന 2000 ജിബി ഡാറ്റ തീർത്തുകഴിഞ്ഞാൽ പിന്നെയുള്ള വേഗത കുറഞ്ഞ ഡാറ്റയ്ക്ക് എഫ്‌യുപി പരിധിയില്ല.

2,999 രൂപ പ്ലാനിലൂടെ ബി‌എസ്‌എൻ‌എൽ ലാൻഡ്‌ലൈൻ വഴി ഉപയോക്താക്കൾക്ക് ഇന്ത്യയിലെ ഏത് നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് വോയ്‌സ് കോളുകൾ വിളിക്കാൻ കഴിയും. കൂടാതെ പുതിയ ഉപയോക്താക്കൾക്ക് 999 രൂപ വിലമതിക്കുന്ന ആമസോൺ പ്രൈം സബ്സ്ക്രിപ്ഷനും പ്ലാൻ വാഗ്ദാനം ചെയ്യുന്നു. മുകളിൽ സൂചിപ്പിച്ച പ്ലാനിന്റെ വിലയിൽ നികുതികൾ ഉൾപ്പെട്ടിട്ടില്ല. ‘ഫിബ്രോ കോംബോ യുഎൽഡി 2999 സിഎസ് 47′ എന്നാണ് കമ്പനി ഈ പ്ലാനിനെ വിളിക്കുന്നത്.

ബി‌എസ്‌എൻ‌എൽ ചില സർക്കിളുകൾക്ക് മാത്രമായി ഭാരത് ഫൈബർ പ്ലാനുകൾ അവതരിപ്പിക്കുന്നുണ്ട്. ഇന്ത്യയിലുടനീളം ബിഎസ്എൻഎല്ലിന് 849 രൂപയിൽ തുടങ്ങുന്ന ഏഴ് ഭാരത് ഫൈബർ പ്ലാനുകളാണ് ഉള്ളത്. രണ്ട് അടിസ്ഥാന ഭാരത് ഫൈബർ പ്ലാനുകൾ 849 രൂപയുടെയും 1,277 രൂപയുടെയും പ്ലാനുകളാണ്. വേഗതയിലും ഡാറ്റയിലും വലിയ വ്യത്യാസങ്ങളുള്ള പ്ലാനാണ് ഇത്.

849 രൂപ പ്ലാൻ 50 എംബിപിഎസ് വേഗത നൽകുമ്പോൾ 1,277 രൂപ പ്ലാൻ 100 എം‌ബി‌പി‌എസ് വേഗത നൽകുന്നു. 600 ജിബി ഡാറ്റയാണ് 849 രൂപ പ്ലാനിലൂടെ ലഭ്യമാവുക. 1,277 രൂപ പ്ലാനിൽ 750 ജിബി വരെ ഡാറ്റ ലഭ്യമാകും. 1,277 രൂപയ്ക്ക് മുകളിലുള്ള എല്ലാ ഭാരത് ഫൈബർ പ്ലാനുകളും 100 എംബിപിഎസ് വേഗതയാണ് നൽകുന്നത്. എഫ്യുപി ലിമിറ്റിൽ മാത്രമാണ് വ്യത്യാസങ്ങൾ വരുന്നത്.

2,499 രൂപയുടെ പ്ലാൻ പ്രതിദിനം 40 ജിബി ഡാറ്റയും 4,499 രൂപ 55 ജിബി പ്രതിദിന ഡാറ്റയും 5,999 രൂപ ഭാരത് ഫൈബർ പ്ലാൻ പ്രതിദിനം 80 ജിബി ഡാറ്റയും വാഗ്ദാനം ചെയ്യുന്നു. 9,999 രൂപയുടെയും 16,999 രൂപയുടെയും ഭാരത് ഫൈബർ പ്ലാനുകളിൽ യഥാക്രമം പ്രതിദിനം 120 ജിബി, 170 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. ഈ പ്ലാനുകളെല്ലാം ആമസോൺ പ്രൈം അംഗത്വവും അധിക ചെലവില്ലാതെ ബി‌എസ്‌എൻ‌എൽ ലാൻഡ്‌ലൈൻ സേവനം വഴി പരിധിയില്ലാത്ത വോയ്‌സ് കോളിംഗ് ആനുകൂല്യവും നൽകുന്നു.

പ്ലാനുകളിലൂടെ നൽകുന്ന ഡാറ്റ വേഗതയുടെ കാര്യത്തിൽ ബിഎസ്എൻഎൽ സ്വകാര്യ ഇന്റർനെറ്റ് സേവനദാതാക്കളെക്കാൾ പിന്നിലാണ്. ഡാറ്റ വേഗത വർദ്ധിപ്പിക്കുന്നതിന് പകരം ഉപയോക്താക്കളെ മടുപ്പിക്കാത്ത വിധത്തിൽ വേഗതയുള്ള ഇന്റർനെറ്റ് ഗ്രാമീൺ മേഖലകളിലടക്കം എത്തിക്കുക എന്ന ലക്ഷ്യത്തിലാണ് ഭാരത് ഫൈബർ ശ്രദ്ധിക്കുന്നത്. അതുകൊണ്ട് തന്നെ മാന്യമായ വേഗത മാത്രം അവകാശപ്പെടാനാകുന്നവയാണ് ബിഎസ്എൻഎല്ലിന്റെ പ്ലാനുകൾ.

ബി‌എസ്‌എൻ‌എല്ലിന്റെ 2,999 രൂപ ഭാരത് ഫൈബർ പ്ലാനുമായി മത്സരിക്കാൻ ജിയോ ഫൈബറിന് 2,499 രൂപയുടെ പ്ലാൻ ഉണ്ട്. ജിയോയുടെ പ്ലാൻ പുതിയ ഉപയോക്താക്കൾക്ക് 1500 ജിബി ഡാറ്റയും 500 എം‌ബി‌പി‌എസ് വേഗതയും നൽകുന്നു. ആദ്യത്തെ ആറുമാസത്തിനുശേഷം ഉപയോക്താക്കൾ ഈ 2,499 രൂപ പ്ലാൻ തിരഞ്ഞെടുത്താൽ ഡാറ്റാ ആനുകൂല്യം 1250 ജിബി ആയിരിക്കും.

Comments are closed.