സുസുക്കി ഐതിഹാസിക മോഡലായ കറ്റാനയെ അവതരിപ്പിച്ചു

1981 മുതൽ 2006 വരെ സുസുക്കി ആഗോള വിപണിയിൽ വിൽപ്പനക്കെത്തിച്ചിരുന്ന ഐതിഹാസിക മോഡലായ കറ്റാന 2018-ൽ ആഗോളതലത്തിൽ രണ്ടാം ജന്മമെടുത്തെങ്കിലും ഇന്ത്യയിലേക്ക് എത്തുന്നത് രണ്ട് വർഷങ്ങൾക്ക് ശേഷമാണ്.

പ്രശസ്തമായ ഒരു സ്പോർട്സ് ടൂറിംഗ് മോട്ടോർസൈക്കിളിന്റെ പേരാണ് സുസുക്കി കറ്റാനയിലൂടെ പുനരുജ്ജീവിപ്പിക്കുന്നത്. സുസുക്കി GSX-S1000F അടിസ്ഥാനമാക്കിയുള്ളതാണ് പുതിയ കറ്റാന. അതേ 999 സിസി, ഇൻ-ലൈൻ ഫോർ സിലിണ്ടർ എഞ്ചിൻ ഉപയോഗിക്കുന്ന വാഹനം 10,000 rpm-ൽ പരമാവധി 147 bhp കരുത്തും 9,500 rpm-ൽ 105 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്.

ജർമ്മനിയിൽ നടന്ന 2018 ഇന്റർമോട്ട് ഷോ, അതുപോലെ ഇറ്റലിയിലെ മിലാനിൽ നടന്ന EICMA 2018 ഷോ പോലുള്ള അന്താരാഷ്ട്ര മോട്ടോർ സൈക്കിൾ ഷോകളിൽ സുസുക്കി കറ്റാന ഇതിനകം തന്നെ പ്രദർശിപ്പിച്ചിട്ടുണ്ട്. പ്രൊഡക്ഷൻ-സ്പെക്ക് കറ്റാന ഇരട്ട-സ്പാർ അലുമിനിയം ഫ്രെയിം പോലുള്ള നിരവധി ഘടകങ്ങൾ GSX-S1000F ൽ നിന്നും കടമെടുക്കുന്നു.

എങ്കിലും കറ്റാനയുടെ എർഗോണോമിക്സ് അല്പം വ്യത്യസ്തമാണ്. സ്പോർട് ടൂറിംഗ് ശ്രേണിയിലേക്ക് എത്തുന്ന കറ്റാനയ്ക്ക് സുഖപ്രദമായ സീറ്റിംഗാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഹെഡ്‌ലൈറ്റ് രൂപകൽപ്പന പഴയ മോഡലിന് സമാനമാണെങ്കിലും മറ്റ് ബോഡി വർക്കുകൾ തീർച്ചയായും ആധുനികമാണ്. ഹെഡ്‌ലൈറ്റ് എൽഇഡിയിൽ ഒരുങ്ങിയപ്പോൾ സുസുക്കി കറ്റാനയ്ക്ക് കളർ ടിഎഫ്ടി സ്‌ക്രീനും ലഭിച്ചു.

മുൻവശത്ത് പൂർണ്ണമായും ക്രമീകരിക്കാവുന്ന KYB 43 mm അപ്സൈഡ് ഡൌൺ ഫോർക്കും പിന്നിൽ ഒരു ലിങ്ക്-ടൈപ്പ് മോണോഷോക്ക് സജ്ജീകരണവുമാണ് സസ്പെൻഷൻ കൈകാര്യം ചെയ്യുന്നത്. ഇലക്ട്രോണിക്സ് പാക്കേജിൽ സ്വിച്ച് ഓഫ് ചെയ്യാൻ കഴിയുന്ന മൂന്ന് ലെവൽ ട്രാക്ഷൻ കൺട്രോളും ഉൾപ്പെടുന്നു.

റേഡിയൽ കാലിപ്പറുകളും എബി‌എസും ഉപയോഗിച്ച് ബ്രെമ്പോ ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നു. പുതിയ സുസുക്കി കറ്റാനയ്ക്ക് 215 കിലോഗ്രാം ഭാരമാണുള്ളത്.

Comments are closed.