ബഡ്ജറ്റ് ജനക്ഷേമ പദ്ധതികള്‍ പ്രഖ്യാപിക്കുമ്പോള്‍ കെട്ടിടനികുതിയും വാഹനനികുതിയും കൂട്ടി ജനങ്ങള്‍ക്കു മേല്‍ അധികഭാരം ചുമത്തുന്ന മറുവശം

തിരുവനന്തപുരം: 1000 കോടിയുടെ പുതിയ ഗ്രാമീണ റോഡ്, തിരുവനന്തപുരം- കാസര്‍കോട് അതിവേഗ റെയിലിന് ഉടന്‍ സ്ഥലമേറ്റെടുക്കല്‍, ബേക്കല്‍- കോവളം ജലപാതയില്‍ ഇക്കൊല്ലം തന്നെ സര്‍വീസ്, 2.5 ലക്ഷം പേര്‍ക്ക് പുതിയ കുടിവെള്ള കണക്ഷന്‍ തുടങ്ങി വികസന പദ്ധതികളും ക്ഷേമ പെന്‍ഷനുകള്‍ നൂറു രൂപ വര്‍ദ്ധിപ്പിച്ചും, 25 രൂപയ്ക്ക് ഊണു കിട്ടുന്ന 1000 കുടുംബശ്രീ ഹോട്ടലുകള്‍ പ്രഖ്യാപിച്ചും ജനക്ഷേമ പദ്ധതികള്‍ ഒരുഭാഗത്തും കെട്ടിടനികുതിയും വാഹനനികുതിയും കൂട്ടിയും, ഭൂമിയുടെ ന്യായവില 10 ശതമാനം വര്‍ദ്ധിപ്പിച്ചും ജനങ്ങള്‍ക്കു മേല്‍ അധികഭാരം ചുമത്തുന്നതുമാണ് ധനമന്ത്രി ഡോ. തോമസ് ഐസക് നിയമസഭയില്‍ ഇന്നലെ അവതരിപ്പിച്ച പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബഡ്ജറ്റ്.

അധിക നികുതികള്‍ക്കു പുറമേ ജി.എസ്.ടി പിരിവ് കാര്യക്ഷമമാക്കിയും വാറ്റ് കുടിശ്ശിക പിരിച്ചും ചെലവ് ചുരുക്കിയും വരുമാനം കണ്ടെത്താനാണ് ശ്രമം. അധികജീവനക്കാരെ പുനര്‍വിന്യസിക്കാനും ക്ഷേമപെന്‍ഷനുകളില്‍ അനര്‍ഹരെ ഒഴിവാക്കാനും നിര്‍ദ്ദേശമുണ്ട്. 1,14,635.90 കോടി രൂപ വരവും ,29,837.37കോടി ചെലവും കണക്കാക്കുന്ന ബഡ്ജറ്റില്‍ 15201.47കോടിയാണ് റവന്യു കമ്മി കണക്കാക്കുന്നത്.

1103 കോടിയുടെ അധിക വിഭവസമാഹരണം ലക്ഷ്യമിടുന്നു. 632.93 കോടിയുടെ അധികച്ചെലവ് വരുന്ന പ്രഖ്യാപനങ്ങളാണ് ബഡ്ജറ്റില്‍ പറയുന്നത്. കൂടാതെ പൗരത്വവിഷയത്തിലും സംസ്ഥാനത്തോടുള്ള അവഗണനയിലും സാമ്പത്തികമാന്ദ്യം നേരിടുന്നതിലുമടക്കം കേന്ദ്രസര്‍ക്കാരിനെതിരെ നിശിതവിമര്‍ശനം പ്രസംഗത്തിലുണ്ടായിരുന്നു.

Comments are closed.