ശബരിമല തിരുവാഭരണം പരിശോധിക്കാനും കണക്കെടുക്കാനും ഏകാംഗ സമിതിയെ നിയോഗിച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി : പന്തളം കൊട്ടാരത്തില്‍ അധികാരത്തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ കൊട്ടാരത്തില്‍ സൂക്ഷിച്ചിരിക്കുന്ന തിരുവാഭരണം സുരക്ഷിതമാണോയെന്നും സര്‍ക്കാരിന് ഇത് ഏറ്റെടുത്തുകൂടേയെന്നും കഴിഞ്ഞ ദിവസം ജസ്റ്റിസ് എന്‍.വി. രമണ ചോദിച്ചതിനെത്തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ഇന്നലെ സര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍മേലുള്ള വാദത്തിനിടെ പരിശോധിക്കാനും കണക്കെടുക്കാനും ഹൈക്കോടതി റിട്ട. ജഡ്ജി ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായരെ ഏകാംഗ സമിതിയായി ജസ്റ്റിസ് എന്‍.വി. രമണ അദ്ധ്യക്ഷനായ മൂന്നംഗ സുപ്രീംകോടതി ബെഞ്ച് നിയോഗിച്ചു.

കൂടാതെ ജസ്റ്റിസ് രാജചന്ദ്രന്‍ നായര്‍ക്ക് സ്വര്‍ണപ്പണിക്കാരന്റെ സഹായം തേടാമെന്നും ജസ്റ്റിസുമാരായ അജയ് രസ്തോഗി, വി. രാമസുബ്രഹ്മണ്യം എന്നിവരുള്‍പ്പെട്ട ബെഞ്ച് അറിയിച്ചു. അതേസമയം തിരുവാഭരണം പന്തളം കൊട്ടാരത്തിന്റെ വലിയ കോയിക്കല്‍ ശാഖയുടെ കൈവശമുള്ള ആഭരണങ്ങളുടെ എണ്ണം, ഡിസൈന്‍ എന്നിവ പരിശോധിച്ച് നാലാഴ്ചയ്ക്കകം മുദ്രവച്ച കവറില്‍ റിപ്പോര്‍ട്ട് നല്‍കണം.

Comments are closed.