വനിതാ സബ് ഇന്‍സ്പെക്ടറെ വെടിവെച്ചു കൊലപ്പെടുത്തി പുരുഷ സബ് ഇന്‍സ്പെക്ടര്‍ ആത്മഹത്യ ചെയ്തു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പ്രണയം നിരസിച്ചതിനെ തുടര്‍ന്ന് ബാച്ച്മേറ്റായിരുന്ന വനിതാ സബ് ഇന്‍സ്പെക്ടറെ വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം പുരുഷ സബ് ഇന്‍സ്പെക്ടര്‍ ആത്മഹത്യ ചെയ്തു. വെള്ളിയാഴ്ച രാത്രി 26 കാരിയായ പ്രീതി അഹ്ളാവതാണ് കൊല്ലപ്പെട്ടത്. തുടര്‍ന്ന് വെടിവെച്ച ശേഷം ആത്മഹത്യ ചെയ്തത് ദീപാംശു രതി എന്ന സുഹൃത്തായ സബ് ഇന്‍സ്പെക്ടറുമാണ്. പത്പര്‍ഗഞ്ച് വ്യവസായ മേഖലയിലെ പോലീസ് സ്റ്റേഷനിലാണ് പ്രീതി ജോലി ചെയ്തിരുന്നത്.

സോണീപഥ് കാരിയായ പ്രീതി രോഹിണിയില്‍ വീട് വാടകയ്ക്ക് എടുത്ത് താമസിക്കുകയായിരുന്നു. രണ്ടുപേരും ഒരേ നാട്ടുകാരാണെങ്കിലും രണ്ടിടത്താണ് ജോലി ചെയ്തിരുന്നത്. ഒരേ ബാച്ചുകാരായിരുന്നതിനാല്‍ അതിന്റെ സൗഹൃദം ഇരുവര്‍ക്കും ഇടയില്‍ ഉണ്ടായിരുന്നെന്നും ദീപാന്‍ശുവിന് പ്രീതിയോട് പ്രണയം തോന്നിയെന്നുമാണ് പോലീസ് പറയുന്നത്. എന്നാല്‍ ദീപാന്‍ശു വിവാഹാലോചനയുമായി ചെന്നപ്പോള്‍ പ്രീതി താല്‍പ്പര്യം കാണിച്ചില്ലെന്ന് മാത്രമല്ല ഒഴിഞ്ഞുമാറുകയും ചെയ്തിരുന്നു.

തുടര്‍ന്ന് രാത്രി പ്രീതി ഡ്യൂട്ടി കഴിഞ്ഞ വീട്ടിലേക്ക് വരുമ്പോള്‍ മെട്രോ സ്റ്റേഷനില്‍ ഇറങ്ങി വീട്ടിലേക്ക് നടന്നു പോകുമ്പോള്‍ രോഹിണി ഏരിയയില്‍ വെച്ചായിരുന്നു വെടിയേറ്റത്. മൂന്ന് ബുളളറ്റുകളാണ് പ്രീതിയുടെ ശരീരം തുളച്ചത്. ഇവയില്‍ ഒരെണ്ണം തലയിലും ഏറ്റു.

തല്‍ക്ഷണം തന്നെ പ്രീതി മരിക്കുകയായിരുന്നു. പിന്നീട് ഹരിയാനയിലെ സോനീപഥില്‍ നിന്നും ദീപാന്‍ശു രതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ രണ്ടു മൃതദേഹങ്ങളും പോലീസ് പോസ്റ്റുമാര്‍ട്ടത്തിനായി അയച്ചു. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. ഇതില്‍ നിന്നുമാണ് അഹ്ളാവതിന്റെ ഘാതകന്‍ ദീപാന്‍ശുവാണെന്ന് കണ്ടെത്തിയത്. സ്ഥലത്ത് നിന്നും മൂന്ന് കാറ്ററിഡ്ജുകളും കണ്ടെത്തി.

Comments are closed.