വാഹന പരിശോധനയ്ക്ക് ഇടയില്‍ പോലീസ് കൈ കാണിച്ചിട്ടും നിര്‍ത്താതെ പോയതിന് വാഹനഉടമയ്ക്ക് 12,500 രൂപ പിഴ

ഇരിങ്ങാലക്കുട: സുരക്ഷാ നിയമത്തിന്റെ എല്ലാ പരിധിയും ലംഘിച്ച് കൂട്ടുകാരന്റെ അമ്മയുടെ സ്‌കൂട്ടര്‍ ഓടിച്ചതിന് വാഹനഉടമയ്ക്ക് 12,500 രൂപ പിഴ. ലൈസന്‍സില്ലാതെ വാഹനം ഒാടിച്ചതിന് 5000 രൂപ, ലൈസന്‍സ് ഇല്ലാത്ത ആള്‍ക്ക് വാഹനം കൊടുത്തതിന് വാഹന ഉടമയ്ക്ക് 5000 രൂപ, വാഹനം നിര്‍ത്താതെ പോയതിന് 2000 രൂപ, ഹെല്‍മറ്റ് വയ്ക്കാത്തതിന് 500 രൂപ എന്നിങ്ങനെയാണ് പിഴയിട്ടത്.

വാഹന പരിശോധനയ്ക്ക് ഇടയില്‍ പോലീസ് കൈ കാണിച്ചിട്ടും ഹെല്‍മെറ്റ് ഇല്ലാത്തതിനാല്‍ നിര്‍ത്താതെ ഓടിച്ചുപോയതിന്റെ പേരില്‍ മൂന്നുപേര്‍ക്ക് മോട്ടര്‍ വാഹന വകുപ്പ് വീട്ടിലെത്തി പിഴ ചുമത്തുകയായിരുന്നു. പിടിയില്‍ പെട്ട ഒരാള്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്.

അമിത വേഗത്തിലായിരുന്നു ഇയാള്‍ പോയത്. അതേസമയം ഈ മാസം വെറും 6 ദിവസത്തിനുള്ളില്‍ ഹെല്‍മറ്റില്ലാത്തതിന് ജോയിന്റ് ആര്‍ടി ഓഫീസിലെ സ്‌പെഷല്‍ സ്‌ക്വാഡിന്റെ പിടിയിലായത് 110 പേരാണ്. ഇവരില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനടക്കം 10 പേര്‍ക്ക് ലൈസന്‍സും ഉണ്ടായിരുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Comments are closed.