രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ മുതിര്‍ന്ന പ്രചാരകന്‍ പി. പരമേശ്വരന്‍ അന്തരിച്ചു

കൊച്ചി: സംഘ പരിവാര്‍ പ്രസ്ഥാനങ്ങളുടെ കേരളത്തിലെ ബൗദ്ധിക മുഖമെന്ന നിലയില്‍ കഴിഞ്ഞ ആറുപതിറ്റാണ്ടുകളായി കേരളത്തിലെ സാംസ്‌കാരിക മണ്ഡലത്തിലെ സജീവ സാന്നിദ്ധ്യമായിരുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ മുതിര്‍ന്ന പ്രചാരകനും സൈദ്ധാന്തികനും ഭാരതീയ വിചാരകേന്ദ്രം ഡയറക്ടറുമായ പി. പരമേശ്വരന്‍ (പരമേശ്വര്‍ ജി ) അന്തരിച്ചു. 93 വയസായിരുന്നു. ഒറ്റപ്പാലം ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ ഇന്ന് പുലര്‍ച്ചെയോടെ ഒരുമണിയോടെയായിരുന്നു മരണം.

ഭാരതീയ ചിന്താധാരയുടെ ക്രിയാത്മകമായ വളര്‍ച്ചയ്ക്ക് സ്ഥാപിച്ച ഭാരതീയ വിചാര കേന്ദ്രത്തിന്റെ ഡയറക്ടര്‍, കന്യാകുമാരി വിവേകാനന്ദ കേന്ദ്രം അദ്ധ്യക്ഷന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയില്‍ മുഹമ്മ, താമരശ്ശേരില്‍ ഇല്ലത്തായിരുന്നു ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ചങ്ങനാശ്ശേരി എസ്.ബി കോളേജില്‍ നിന്നും പ്രീഡിഗ്രിയും , തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്നും ചരിത്രത്തില്‍ ബിരുദവും സ്വന്തമാക്കി.

ചെറുപ്പകാലത്തു തന്നെ സംഘവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുകയും 1950-ല്‍ അതിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തകനാകുകയും (പ്രചാരകന്‍) ചെയ്തു. 1957-ല്‍ ഭാരതീയ ജനസംഘത്തിന്റെ സംഘടനാ സെക്രട്ടറിയായി ചുമതല വഹിച്ചിട്ടുണ്ട് . തുടര്‍ന്ന് ജനസംഘത്തിന്റെ ആള്‍ ഇന്ത്യാ ജനറല്‍ സെക്രട്ടറിയായും വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിരുന്നു.

Comments are closed.