കാട്ടാക്കടയില്‍ സംഗീതിനെ ജെ.സി.ബി ഉപയോഗിച്ച് മണ്ണ് മാഫിയ അടിച്ചുകൊന്ന സംഭവം : നാല് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

തിരുവനന്തപുരം: കാട്ടാക്കടയില്‍ സംഗീതിനെ ജെ.സി.ബി ഉപയോഗിച്ച് മണ്ണ് മാഫിയ അടിച്ചുകൊന്ന സംഭവത്തില്‍ നാല് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. മണ്ണ് മാഫിയ സ്ഥലം കൈയേറിയ വിവരം സ്റ്റേഷനില്‍ അറിയിച്ചിട്ടും 20 മിനിട്ടുകൊണ്ട് എത്താവുന്ന സ്ഥലത്ത് പൊലീസെത്താന്‍ ഒന്നര മണിക്കൂര്‍ വൈകിയെന്ന് സ്പെഷ്യല്‍ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയതിനെത്തുടര്‍ന്ന് എ.എസ്.ഐ അനില്‍കുമാര്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഹരികുമാര്‍, ബൈജു, സുകേഷ് എന്നിവരെയാണ് അന്വേഷണവിധേയമായി റൂറല്‍ എസ്.പി പി.അശോക് കുമാര്‍ ഇന്നലെ സസ്പെന്‍ഡ് ചെയ്തത്.

കൂടാതെ സമാനമായ റിപ്പോര്‍ട്ട് നെടുമങ്ങാട് ഡിവൈ.എസ്.പിയും നല്‍കിയിരുന്നു. അതേസമയം കേസിലെ പ്രതികളായ ജെ.സി.ബി ഉടമ സജു, ടിപ്പര്‍ ഉടമ ഉത്തമന്‍, ജെ. സി. ബി ഡ്രൈവര്‍ വിജിന്‍, ടിപ്പര്‍ ഓടിച്ച ലിനു, സംഘത്തിലുണ്ടായിരുന്ന മിഥുന്‍, ഇവരെ സഹായിച്ച ലാല്‍കുമാര്‍, അനീഷ്, ബൈജു എന്നിവര്‍ റിമാന്‍ഡിലാണുള്ളത്. സംഭവ ദിവസം രാത്രി 12.45ന് പുരയിടത്തിലെ മണ്ണ് ഇടിക്കുന്ന വിവരം സംഗീത് കാട്ടാക്കട പൊലീസിനെ അറിയിച്ചിരുന്നു.

എന്നാല്‍ പൊലീസെത്തിയത് ഒന്നര മണിക്കൂറിന് ശേഷമാണ്. സംഗീത് നല്‍കിയ വിവരം സ്റ്റേഷനിലെ ജി.ഡി ചുമതലയുള്ള ഉദ്യോഗസ്ഥന്‍ പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന സംഘത്തിന് കൈമാറി. എന്നാല്‍ അവര്‍ സംഭവ സ്ഥലത്തെത്താന്‍ വൈകി. കീഴാറൂര്‍ പാലത്തിന് സമീപത്താണ് സംഭവമെന്നാണ് ജി.ഡി ചാര്‍ജുള്ള ഉദ്യോഗസ്ഥന്‍ പട്രോളിംഗ് സംഘത്തെ അറിയിച്ചത്. എന്നാല്‍ ഇവര്‍ പേഴുംമൂട് വഴി മൂന്നാറ്റുമുക്കിലുള്ള പാലത്തിന് സമീപമാണെത്തിയത്. ഏറെ കഴിഞ്ഞിട്ടും കാണാതായതോടെ സംഭവ സ്ഥലത്തുണ്ടായിരുന്നവര്‍ വീണ്ടും പൊലീസുമായി ബന്ധപ്പെട്ടു.

അതിനിടെ മൂന്നാറ്റുമുക്കില്‍ അക്രമങ്ങളൊന്നും കാണാത്തതിനാല്‍ പട്രോളിംഗ് സംഘം സ്റ്റേഷനില്‍ വിളിച്ചു. തുടര്‍ന്ന് സംഭവസ്ഥലത്ത് നിന്ന് വിളിച്ചവരുടെ ഫോണ്‍ നമ്പര്‍ പട്രോളിംഗ് സംഘത്തിന് ജി.ഡി കൈമാറി. പൊലീസുകാര്‍ ഈ നമ്പരില്‍ ബന്ധപ്പെട്ട ശേഷം പിന്നെയും അരമണിക്കൂര്‍ കഴിഞ്ഞാണെത്തിയത്. ഇതിനിടെയാണ് സംഗീതിനെ കൊലപ്പെടുത്തിയത്. നാട്ടുകാര്‍ സംഗീതിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയ ശേഷമാണ് പൊലീസെത്തിയത്. പൊലീസിന്റെ അനാസ്ഥയാണ് സംഗീതിന്റെ മരണത്തിനിടയാക്കിയതെന്ന് ബന്ധുക്കളും ആരോപിച്ചിരുന്നു.

Comments are closed.