10000 രൂപയും പത്ത് വോട്ടര്‍മാരുമുണ്ടെങ്കില്‍ ആര്‍ക്കും മത്സരിക്കാം സിപിഎമ്മിനെ വിമര്‍ശിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന്‍

ദില്ലിയിലെ ജനാധിപത്യ ഉത്സവത്തില്‍ ഒരു സ്ഥാനാര്‍ത്ഥിയെപ്പോലും നിര്‍ത്താത്തവര്‍ ഫലം വരുന്ന ദിവസം വലിയ വായില്‍ ബഡായി വിടരുതെന്ന് സിപിഎമ്മിനെ വിമര്‍ശിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ രംഗത്തെത്തി. 11ന് എന്തിനാണ് സിപിഎം നേതാക്കളെ ചര്‍ച്ചക്ക് വിളിക്കുന്നത്. സിഎഎ വിരുദ്ധ സമരത്തിന്റെ മുന്നണിയിലുണ്ടെന്ന് അവകാശവാദമുന്നയിക്കുന്നവര്‍ ദില്ലി തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെപ്പോലും നിര്‍ത്തിയിട്ടില്ല.

മുസ്ലീം ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി വാദിക്കുന്ന ഒരുപാര്‍ട്ടി അവര്‍ക്ക് എത്ര ജനപിന്തുണയുണ്ടെന്ന് പരിശോധിക്കാനുള്ള അവസരമായിരുന്നില്ലേ തെരഞ്ഞെടുപ്പ്. തോല്‍ക്കുമെന്നറിഞ്ഞിട്ടും 1959 മുതല്‍ ജനസംഘവും ബിജെപിയും കേരളത്തിലെ എല്ലാ തെരഞ്ഞെടുപ്പിലും മത്സരിക്കുന്നില്ലേ.17 -ാമത്തെ തെരഞ്ഞെടുപ്പിലല്ലേ ഒ രാജഗോപാല്‍ കേരളത്തില്‍ ജയിച്ചതെന്നും സുരേന്ദ്രന്‍ ചോദിക്കുന്നു.

കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്,

മലയാള മാധ്യമങ്ങള്‍ ഫെബ്രുവരി 11ന് എന്തിന് സി. പി. എം നേതാക്കളെ ചര്‍ച്ചയ്ക്ക് വിളിക്കണം? ജെ. എന്‍. യു. സമരത്തില്‍ സി. പി. എം, ഷാഹിന്‍ബാഗ് സമരത്തില്‍ സിപിഎം, പൗരത്വസമരത്തിലാകെ സിപിഎം. എന്നാല്‍ ദില്ലിയിലെ ജനാധിപത്യ ഉല്‍സവത്തില്‍ ഒരു സ്ഥാനാര്‍ത്ഥിയെ മല്‍സരിപ്പിക്കാന്‍ പോലും സിപിഎമ്മോ ഇടതുകക്ഷികളോ എന്തുകൊണ്ട് തയ്യാറായില്ല? സിപിഎമ്മിന്റെ ദേശീയനേതാക്കളൊക്കെ വോട്ടുചെയ്യുന്നത് മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിക്കണ്ടു. ആര്‍ക്കാണ് അവരൊക്കെ വോട്ട് ചെയ്തത്? ഒരു പതിനായിരം രൂപ കെട്ടിവെക്കാനും പത്തു വോട്ടര്‍മാരെ പിന്തുണയ്ക്കാനും ഉണ്ടെങ്കില്‍ ആര്‍ക്കും ഈ ഭാരതത്തില്‍ ഒരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി മല്‍സരിപ്പിക്കാം.

പൗരത്വനിയമഭേദഗതി രാജ്യവ്യാപകമായി ചര്‍ച്ചചെയ്യുമ്പോള്‍ അതില്‍ മുസ്‌ളീം ന്യൂനപക്ഷങ്ങള്‍ക്കുവേണ്ടി ഇത്രയധികം വാദിക്കുന്ന ഒരു പാര്‍ട്ടി അവര്‍ക്ക് എത്ര ജനപിന്തുണ ഇക്കാര്യത്തിലുണ്ടെന്ന് ഒരു പരിശോധനയെങ്കിലും നടത്താനുള്ള അവസരമായിരുന്നില്ലേ ഈ തെരഞ്ഞെടുപ്പ്? തോല്‍ക്കുമെന്നറിഞ്ഞിട്ടും 1959 മുതല്‍ ജനസംഘവും ബി. ജെ. പിയും കേരളത്തില്‍ എല്ലാ തെരഞ്ഞെടുപ്പിലും മല്‍സരിക്കുന്നില്ലേ? പതിനേഴാമത്തെ തെരഞ്ഞെടുപ്പിലാണ് ശ്രീ. ഓ. രാജഗോപാല്‍ കേരളത്തില്‍ വിജയിച്ചത്. പാര്‍ലമെന്ററി ജനാധിപത്യത്തില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ പിന്നെ എങ്ങനെയാണ് ജനപിന്തുണ അളക്കുന്നത്? അഥവാ നിങ്ങള്‍ സായുധവിപ്‌ളവത്തിലൂടെ ദില്ലി പിടിക്കാനായിരുന്നോ ആഗ്രഹിച്ചിരുന്നത്? ദയവായി പതിനൊന്നാം തീയതി വന്നിരുന്ന് വലിയ വായില്‍ ബഡായി വിടരുതെന്ന് മുന്‍കൂറായി ഓര്‍മ്മിപ്പിക്കുകയാണ്…..

Comments are closed.