തായ്ലന്‍ഡില്‍ 20 പേരെ വെടിവെച്ചു കൊന്ന സൈനികനെ സുരക്ഷാസേന വധിച്ചു

ബാങ്കോക്ക്: വടക്കന്‍ തായ്ലന്‍ഡില്‍ 20 പേരെ വെടിവെച്ചു കൊന്ന ജക്രഫന്ത് തൊമ്മ(32)യെന്ന യുവ സൈനികനെ സുരക്ഷാസേന വധിച്ചു. ഇയാള്‍ നിറതോക്കുമായി നാക്കോണ്‍ രാച്ചസിമ നഗരത്തിലെ വിവിധയിടങ്ങളില്‍ നിരവധി പേരെ കൊന്നുതള്ളുകയായിരുന്നു.

ഒരു വീട്ടില്‍ കടന്നുകയറി രണ്ടുപേരെ വകവരുത്തിയ ഇയാള്‍ സൈനിക താവളത്തിലെത്തി കമാന്‍ഡിങ് ഓഫീസറെ വെടിവച്ചുവീഴ്ത്തിയശേഷം പുതിയ തോക്ക് തരപ്പെടുത്തി അതിക്രമം തുടരുകയായിരുന്നെന്നു പോലീസ് വ്യക്തമാക്കി. നഗരത്തിലെ ടെര്‍മിനല്‍ 21 ഷോപ്പിങ് മാളില്‍ കടന്ന ഇയാള്‍ മുന്നിലെത്തിയവര്‍ക്കെല്ലാം നേരേ വെടിയുതിര്‍ത്തു. സംഭവം അറിഞ്ഞു സ്ഥലത്തെത്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ മാള്‍ വളഞ്ഞശേഷം അക്രമിയെ വധിക്കുകയായിരുന്നു.

കൂട്ടക്കശാപ്പിന് ഇയാളെ പ്രേരിപ്പിച്ചതെന്താണെന്നു വ്യക്തമല്ലെന്നും മനോനില തെറ്റിയ ആളാണ് അക്രമിയെന്നു സംശയിക്കുന്നതായും പോലീസ് പറയുന്നു. ഷോപ്പിങ് മാളിനു പുറത്ത് കാറില്‍നിന്നു പുറത്തിറങ്ങിയശേഷം ഇയാള്‍ തുരുതുരെ നിറയൊഴിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പ്രാദേശിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അതേസമയം വിനാശം വിതയ്ക്കുന്നതിനുമുമ്പ് സ്വന്തം ഫെയ്സ്ബുക്ക് പേജില്‍ മരണസൂചനകള്‍ അടങ്ങുന്ന പരാമര്‍ശങ്ങള്‍ തൊമ്മ പോസ്റ്റ് ചെയ്തിരുന്നു.

Comments are closed.