ആര്‍.എസ്.എസ് താത്ത്വികാചാര്യന്‍ പി. പരമേശ്വരന് ആയിരങ്ങളുടെ വിട, ആലപ്പുഴയിലെ വീട്ടുവളപ്പില്‍ സംസ്‌കാരം

തിരുവനന്തപുരം: രാഷ്ട്രീയത്തിന്റെ അതിര്‍വരമ്പുകള്‍ കടന്ന സൗഹൃദത്തിന്റെ മഹാസാന്നിദ്ധ്യവും ആര്‍.എസ്.എസ് താത്ത്വികാചാര്യനുമായ പി. പരമേശ്വരന് ആയിരങ്ങളുടെ വിട. തുടര്‍ന്ന് ഭൗതികദേഹം അന്ത്യദര്‍ശനത്തിനു വച്ച കൊച്ചിയിലും തിരുവനന്തപുരത്തും ആയിരങ്ങള്‍ വിട നല്‍കി. ഇന്ന് ഉച്ച കഴിഞ്ഞ് ജന്മദേശമായ ആലപ്പുഴ മുഹമ്മയിലെ വീട്ടുവളപ്പിലാണ് സംസ്‌കാരം.

മരണംവരെ ഹൈന്ദവ തത്ത്വചിന്തയുടെ സൂര്യശോഭയായി ജ്വലിക്കുകയും ചെയ്ത പി. പരമേശ്വരന്റെ മേല്‍വിലാസം രാഷ്ട്രീയ സിദ്ധാന്തങ്ങളുടെ ചതുരത്തില്‍ ഒതുങ്ങുന്നതായിരുന്നില്ല. വിവേകാനന്ദ ചിന്തകള്‍ സ്വാധീനിക്കുകയും ഹൈന്ദവ ദര്‍ശനങ്ങള്‍ ആഴത്തില്‍ പഠിക്കുകയും ചെയ്ത അദ്ദേഹം സംഘപരിവാറിന്റെ രാഷ്ട്രീയ സൈദ്ധാന്തികനായിരിക്കുമ്പോഴും അധികാര രാഷ്ട്രീയത്തോട് ഋഷിതുല്യമായ നിസംഗത പുലര്‍ത്തി.

സ്വന്തം രാഷ്ട്രീയ വിശ്വാസത്തിന് തത്ത്വചിന്തയുടെ പ്രകാശം പകര്‍ന്ന ആ അസാധാരണ ധിഷണയെ ദേശം ആദരപൂര്‍വം പരമേശ്വര്‍ജി എന്നു വിളിച്ചു. 1982 മുതല്‍ ഭാരതീയ വിചാരകേന്ദ്രത്തിന്റെ ഡയറക്ടറും കന്യാകുമാരി വിവേകാനന്ദ കേന്ദ്രത്തിന്റെ അദ്ധ്യക്ഷനുമായിരുന്നു അദ്ദേഹം. അതേസമയം വിദ്യാഭ്യാസകാലത്തേ ജനസംഘത്തിലെത്തിയ അദ്ദേഹത്തിന്റെ പ്രവര്‍ത്തകേന്ദ്രം തിരുവനന്തപുരമായിരുന്നു.

പുത്തന്‍ചന്തയിലെ അന്നത്തെ ആര്‍.എസ്.എസ് ശാഖ തന്നെ പിന്നീട് പരമേശ്വര്‍ജിയുടെ തലസ്ഥാന മേല്‍വിലാസമായി. രാഷ്ട്രീയത്തിന്റെ തിരക്കുകള്‍ വിട്ട് ഭാരതീയ വിചാരകേന്ദ്രമെന്ന ഗവേഷണ പഠനകേന്ദ്രത്തിന് രൂപം നല്‍കിയപ്പോഴും ആ മേല്‍വിലാസം മാറിയില്ല. രാജ്യം 2004 ല്‍ അദ്ദേഹത്തെ പദ്മശ്രീയും 2018 ല്‍ പദ്മവിഭൂഷണും നല്‍കി ആദരിച്ചിരുന്നു.

Comments are closed.